ഓയിൽ ചോർന്നത് പ്ലൈവുഡ് കമ്പനിയിൽ നിന്ന്
തൊടുപുഴ: വെള്ളിയാമറ്റം വടക്കനാറിലൂടെ വ്യാപകമായി രാസവസ്തുക്കൾ ഒഴുകിയെത്തി മലങ്കര ജലാശയത്തിൽ പരന്നതിനെ തുടർന്ന് നിരവധി മേഖലകളിലെ കുടിവെള്ള വിതരണം മുടങ്ങി. വെള്ളിയാമറ്റത്തുള്ള ഹൈലെയർ വുഡ്സ് എന്ന ഫ്ളൈവുഡ് കമ്പനിയിൽ നിന്ന് തെർമിക്ക് ഓയിൽ പമ്പ് ചെയ്തു കയറ്റുന്നതിനിടയിൽ മോട്ടോർ തകരാറിലായി ചോർച്ചയുണ്ടായതിനെ തുടർന്നാണ് ലിറ്റർ കണക്കിന് ഓയിൽ സമീപത്തെ ആറ്റിലൂടെ ഒഴുകി മലങ്കരജലാശയത്തിലേക്ക് എത്തിയത്.
ഇന്നലെ പുലർച്ചെ മുതൽ കണ്ട പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. രാവിലെ പുഴയോരത്തെത്തിയ നാട്ടുകാരാണ് ജലത്തിൽ എണ്ണ പോലെ പരന്ന കറുത്തപാടയും രൂക്ഷമായ കെമിക്കലിന്റെ മണവും ശ്രദ്ധിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഓയിൽ മലങ്കര ജലാശയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും ഡാമിന്റെ ഉപരിതലത്തിൽ വൻതോതിൽ വ്യാപിക്കുകയും ചെയ്തു. ഇതോടെ പുഴയോരത്തെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളുള്ളതിനാൽ വലിയ ആശങ്ക പരന്നു. വിവരമറിഞ്ഞ് കാഞ്ഞാർ പൊലീസും പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ജല അതോറിട്ടി അധികൃതരും സ്ഥലത്തെത്തി. തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ ശുദ്ധജല സ്രോതസാണ് മലങ്കര ജലാശയം. ഇതിന് പുറമെ ആയിര കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷിയിടങ്ങളിലും ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദപരിശോധന നടത്തിയ ശേഷം കേസെടുക്കുമെന്ന് കാഞ്ഞാർ സി.ഐ അറിയിച്ചു. സർക്കാരിന്റെ ഹില്ലിഅക്വ കുടിവെള്ള പദ്ധതിക്കടക്കം ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസിൽ രാസമാലിന്യം കലർന്നതിൽ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്.വെള്ളിയാമറ്റം പഞ്ചായത്ത് ഫ്ളൈവുഡ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
ജലവിതരണം നിറുത്തി
രാസമാലിന്യം കലർന്നതോടെ ഇന്നലെ ഉച്ചയോടെ കോളപ്ര, മുട്ടം എന്നീ വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസുകളിലെ ജലവിതരണം താത്കാലികമായി നിറുത്തിയതായി തൊടുപുഴ സെക്ഷൻ- 2 അസി. എൻജിനിയർ അറിയിച്ചു. നിലവിൽ നടത്തിയ പരിശോധന ഫലം വന്നതിൽ ജലത്തിന് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന റിപ്പോർട്ടുണ്ടെങ്കിലും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി ഇന്ന് മുതൽ പമ്പിംഗ് പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പമ്പിംഗ് നിറുത്തിയതിനാൽ മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. സംഭവത്തിൽ ഫാക്ടറി സന്ദർശിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടങ്കിലും കൂടുതൽ പ്രതികരണത്തിനു തയ്യാറായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |