SignIn
Kerala Kaumudi Online
Sunday, 09 August 2026 9.56 AM IST

മഴ ശക്തം, അടിമാലിയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും

adimaly

 വനമേഖലയിൽ ഗതാഗതം നിർത്തിവെച്ചു

അടിമാലി: ഇന്നലെ പെയ്ത കനത്ത മഴയിൽ അടിമാലി മേഖലയിൽ വ്യാപക നാശനഷ്ടം. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി ലൈബ്രറി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയോടെയാണ് ശക്തമായത്. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷം വീട് ഉന്നതിയോട് ചേർന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയും ചെയ്തു. മല വിണ്ടുകീറി നിൽക്കുന്നതിനാൽ ഇവിടെ ഇനിയും മണ്ണിടിയാൻ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പുണ്ടായ മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ടവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം തുടരുന്നതിനാൽ, അപകട മേഖലയിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ദേശീയപാതയിലെ സബ്‌സ്റ്റേഷൻ പടിയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. അടിമാലി ടൗണിൽ പരക്കെ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വാളറ മുതൽ നേര്യമംഗലം വരെയുള്ള വനമേഖലയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിറുത്തി. കൂടാതെ കല്ലാർകുട്ടിക്കും കത്തിപ്പാറയ്ക്കുമിടയിൽ വലിയതോതിൽ മണ്ണിടിഞ്ഞും ആറാം മൈലിൽ മരം കടപുഴകി വീണും ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL