SignIn
Kerala Kaumudi Online
Monday, 10 August 2026 10.30 AM IST

വെള്ളിലാംകണ്ടം മൺപാലത്തിലെ ടാറിങ്ങിൽ രണ്ടിടത്ത് വിള്ളൽ

road

കട്ടപ്പന :മലയോര ഹൈവേയുടെ ഭാഗമായ വെള്ളിലാംകണ്ടം മൺപാലത്തിലെ ടാറിങ്ങിൽ രണ്ടിടത്ത് വിള്ളൽ. ഒരിടത്ത് 50 മീറ്ററോളം നീളത്തിലും മറ്റൊരിടത്ത് 15 മീറ്ററോളം ദൂരത്തിലുമാണ് വിള്ളൽ. കട്ടപ്പനകുട്ടിക്കാനം റൂട്ടിലുള്ള ഈ പാലത്തിലെ ടാറിങ്ങിൽ കഴിഞ്ഞയാഴ്ചയും വിള്ളൽ രൂപപ്പെട്ടിരുന്നു. വിവരമറിഞ്ഞ് അധികൃതർ രാത്രിയിലെത്തി വിള്ളൽ അടച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച വീണ്ടും വിള്ളൽ രൂപപ്പെടുകയായിരുന്നു. വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതിനുള്ളിലൂടെ വെള്ളമിറങ്ങി ഈ ഭാഗം ഇടിയാനുള്ള സാധ്യതയും ഏറെയാണ്. ടാറിങ്ങിന്റെ മദ്ധ്യഭാഗത്തിനു സമീപത്തായാണ് ഒരു വിള്ളൽ. ഒരെണ്ണം ടാറിങ്ങും കോൺക്രീറ്റും ചേരുന്ന ഭാഗത്താണ്.
1978-79 കാലഘട്ടത്തിൽ കെഎസ്ഇബിയാണ് ഇവിടെ മൺപാലം നിർമിച്ചത്. 20 മീറ്റർ വ്യാസത്തിൽ അഞ്ച് കോൺക്രീറ്റ് ചുരുളുകൾ തയാറാക്കി കുഴൽ രൂപപ്പെടുത്തിയശേഷം അതിനു മുകളിൽ മണ്ണിട്ടാണ് പാലം നിർമിച്ചത്. മൺപാലം ആയതിനാൽ വലിയ മരങ്ങൾ ഇവിടെ വളർത്തരുമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും പിന്നീട് വലിയ മരങ്ങൾ ഉൾപെടെ ഇവിടെ വളർന്നിരുന്നു. പിന്നീട് ഈ റോഡ് കട്ടപ്പനകുട്ടിക്കാനം സംസ്ഥാന പാതയുടെ ഭാഗമായി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ഇത് നവീകരിച്ചിരുന്നു. പാലത്തിന് വീതി കൂട്ടിയശേഷം ഇരിപ്പിടങ്ങൾ ഉൾപ്പടെ നിർമിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതിനായി മൂന്നരക്കോടി രൂപ അനുവദിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി പിന്നീട് ഇരിപ്പിടങ്ങളടക്കം ഒഴിവാക്കി ഒന്നരക്കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്. പണി നടക്കുന്നതിനിടെ സംരക്ഷണഭിത്തി തകർന്നു വീഴുന്ന സാഹചര്യവും ഉണ്ടായിരുന്നു. നിർമാണത്തിൽ അപാകതയുണ്ടെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL