മുട്ടം: മലങ്കര ജലാശയത്തിലെ വെള്ളത്തിൽ രാസമാലിന്യം കലർന്നുണ്ടായ സംഭവത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിച്ചതായും വെള്ളം ഉപയോഗ പ്രദമാണെന്നും വാട്ടർ അതോറിട്ടി അറിയിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹൈലയർ എന്ന സ്വകാര്യ പ്ലൈവുഡ് സ്ഥാപനത്തിൽ നിന്ന് മലങ്കര ജലാശയത്തിലെ വെള്ളത്തിലേക്ക് രാസമാലിന്യം കലർന്നതായി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് ജനങ്ങൾ ആശങ്കപ്പെടുകയും വെള്ളം ഉപയോഗിക്കുന്നതിൽ അധികൃതർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വാട്ടർ അതോറിട്ടി, ക്വാളിറ്റി കൺട്രോൾ ബോർഡ് എന്നിങ്ങനെ അധികൃതർ രാസ മാലിന്യത്തിന്റെ അളവ് പരിശോധിച്ച് തിട്ടപ്പെടുത്തുന്നതിന് വെള്ളത്തിന്റെ സാമ്പിൾ വിവിധ ഘട്ടങ്ങളിലായി ശേഖരിച്ചിരുന്നു. വാട്ടർ അതോറിട്ടി സൂപ്രണ്ടിങ് എൻജിനിയർ എൻ.ആർ. ഹരി, എക്സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. സജി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ അനിത, അസി. എൻജിനിയർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയും മുട്ടം മാത്തപ്പാറ പമ്പ് ഹൗസിലെത്തി മലങ്കര ജലാശയത്തിലെയും കൊല്ലംകുന്ന് ശുദ്ധീകരണ കിണർ, കുടയത്തൂർ, കാഞ്ഞാർ ഉൾപ്പെടെ വിവിധ സ്രോതസുകളിലെയും വെള്ളം വീണ്ടും പരിശോധിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡടക്കമുള്ള ഏജൻസികളും വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈലയർ പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ച് പൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |