
ഇടുക്കി: പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ ഏഴാം തവണയും കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ച സാഹചര്യത്തിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി എം.പിമാരായ ഡീൻ കുര്യാക്കോസും ഫ്രാൻസിസ് ജോർജും ചർച്ച നടത്തി. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണ്ണമായും ഒഴിവാക്കി വേണം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനെന്ന് എം.പിമാർ ആവശ്യപ്പെട്ടു. കേന്ദ്രം നിയോഗിച്ച സഞ്ജയ് കുമാർ സമിതി സംസ്ഥാന സർക്കാരുമായി അന്തിമ വിജ്ഞാപനം സംബന്ധിച്ച് സമവായ ചർച്ചകൾ തുടരുന്നതിനിടയിലാണ് 2014ലെ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കിയത്. പുതിയ വിജ്ഞാപനത്തിന്മേൽ പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ 60 ദിവസത്തെ സമയപരിധിയുണ്ട്. 2014ലെ കരട് വിജ്ഞാപനത്തിൽ 123 വില്ലേജുകളിലായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴികെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിർദേശിച്ചിരുന്നത്. പുതിയ സർക്കാരിന്റെ നിലപാടറിയാൻ കേന്ദ്രസമിതി ജൂലായ് 14ന് കേരളത്തിലെത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. 2016ന് ശേഷം കേരളത്തിന്റെ വനവിസ്തൃതി 9,100 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 11,000 ചതുരശ്ര കിലോമീറ്ററിലധികമായി നിജപ്പെടുത്തിയതിന്റെ സാങ്കേതിക പ്രശ്നം യോഗത്തിലുയർത്തി. കാടുകൾ മാത്രമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് വാദിക്കുമ്പോൾ, വനവിസ്തൃതി 11,000 ചതുരശ്ര കിലോമീറ്ററായി രേഖപ്പെടുത്തിയത് അതിർത്തി 8,507 ആയി കുറയ്ക്കുന്നതിന് വലിയ സാങ്കേതിക തടസമാണ് സൃഷ്ടിക്കുന്നത്. കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പൂർണ്ണമായി അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാരിന്റെ പൂർണ സഹകരണം ഉണ്ടാവണം. മറ്റ് സംസ്ഥാനങ്ങളുടെ അന്തിമ വിജ്ഞാപനം കേന്ദ്രം ഇറക്കുമ്പോൾ 12 വർഷമായി കേരളത്തിലെ മലയോര കാർഷിക മേഖല നേരിടുന്ന ആശങ്കകൾക്ക് സ്ഥിരമായ പരിഹാരം നിവേദനത്തിൽ എം.പിമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |