
ഇടുക്കി: ആനയുടെ സഞ്ചാരപാതയിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പിന് നിർദേശം. ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ജില്ലയിലെ എല്ലാ ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കണം. സേനാപതി വേണു എം.എൽ.എ ഉന്നയിച്ച ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് നടത്താൻ വനം വകുപ്പ് അനുമതി നൽകാത്ത വിഷയം പരിശോധിച്ചതിനെ തുടർന്നാണ് യോഗത്തിന്റെ നിർദേശം. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ട്. കൂടാതെ ആനയുടെ സഞ്ചാര പാതകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ റിസോർട്ടുകളടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ആനയുടെ സഞ്ചാര പാതയായി വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുള്ള സ്ഥലങ്ങളിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും റിപ്പോർട്ട് ചെയ്യാനാണ് യോഗം തീരുമാനിച്ചത്.
വീട് നിർമ്മാണപ്രശ്നത്തിനും പരിഹാരം വേണം
ഇടമലക്കുടിയിലെ വീടുകളുടെ നിർമ്മാണം സംബന്ധിച്ച് ഉടൻ പരിഹാരം കാണണമെന്നും ഇതു സംബന്ധിച്ച ചർച്ച അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും റോയ് കെ പൗലോസ് എം.എൽ.എ പറഞ്ഞു. ഇടമലക്കുടിയിൽ 149 വീടുകളുടെ നിർമ്മാണം പൂർത്തിയായതായി വനം വകുപ്പ് അറിയിച്ചു. 58 വീടുകൾ ഭാഗികമായി നിർമ്മിച്ചു. ആകെ 223 വീടുകൾ ഇനി നിർമ്മിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വനം വകുപ്പും പട്ടികവർഗ വികസന ഓഫീസറും സംയുക്ത പരിശോധന നടത്താൻ യോഗം നിർദേശം നൽകി.ഇടമലക്കുടിയിൽ ആകെയുള്ള കുടുംബങ്ങൾ, ഇതിൽ വീട് ആവശ്യമുള്ളവർ, ഇതിനാവശ്യമായ തുക തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണം.
ഇടമലക്കുടിയിലെ റോഡുകളുടെ നിർമ്മാണം ഓണത്തിന് ശേഷം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വെള്ളത്തൂവൽ പഞ്ചായത്തിലെ അമൃത് സരോവർ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്നതിനുള്ള സ്ഥലത്തെ കൈയേറ്റം ഒരു മാസത്തിനകം ഒഴിപ്പിക്കാനും യോഗം നിർദേശിച്ചു. ജില്ലയിൽ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയുന്നതിന് പരിശോധന കർശനമാക്കും. ഇടുക്കി മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് യോഗം വിലയിരുത്തി.. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവികുളം സബ് കളക്ടർ ആര്യ വി.എം., അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |