SignIn
Kerala Kaumudi Online
Wednesday, 26 August 2026 4.15 AM IST

ടൂറിസം കേന്ദ്രങ്ങളിലും ഓണത്തിരക്ക്

vellachattam
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ ഒഴുക്ക്. മഴക്കെടുതിയുടെ ആശങ്കകൾക്കൊടുവിൽ, കാലാവസ്ഥ അനുകൂലമായതാണ് വിനോദസഞ്ചാരികളെ വീണ്ടും മലയോര മേഖലയിലേക്ക് ആകർഷിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ കോടമഞ്ഞും നൂൽമഴയും ആസ്വദിക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലേക്കെത്തുന്നത്. കാലവർഷം ശക്തി പ്രാപിച്ചിരുന്ന സമയമായതിനാൽ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സഞ്ചാരികളുടെ എണ്ണം കണക്കാക്കിയാൽ ടൂറിസം മേഖലയ്ക്ക് ഉണർവാണ്. മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടിയിലും രാജമലയിലും ഈ തിരക്ക് ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികൾക്കും തിരക്ക് മൂലം ബോട്ടിംഗിന് അവസരം ലഭിച്ചില്ല. രാജമലയിലും പരമാവധി സഞ്ചാരികളെത്തി.

2880 പേർക്കാണ് രാജമലയിൽ ഒരു ദിവസം പ്രവേശനം നൽകുന്നത്. വിനോദസഞ്ചാരമേഖലയിലെ ഉണർവ് ടാക്സി ഡ്രൈവർമാർ, ചെറുകിട വഴിയോര കച്ചവടക്കാർ എന്നിവരുൾപ്പെടെ പ്രദേശവാസികളായ നിരവധി പേർക്ക് ആശ്വാസമാണ്.

ഇടുക്കി ഡാം സന്ദർശിക്കാം

ഓണം ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 31 വരെ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ബുധനാഴ്ചകളിലും റെഡ് അലർട്ടുള്ള ദിവസങ്ങളിലും സന്ദർശനനുമതിയുണ്ടായിരിക്കില്ല. ഓൺലൈനായി ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ ഡാമുകളിലേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിനു സമീപമുള്ള പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വാഗമൺ

പീരുമേട്: കർക്കടക മാസത്തിലെ മന്ദതയിൽ നിന്ന് പീരുമേട്ടിലെ ടൂറിസം മേഖല ഓണത്തോടനുബന്ധിച്ച് തിരിച്ചുവരവിന്റെ പാതയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രമായി വാഗമൺ മാറിക്കഴിഞ്ഞു. വാഗമൺ അഡ്വഞ്ചർ പാർക്ക്, മൊട്ടക്കുന്ന്, പൈൻകാട് തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാൻ ആയിരക്കണക്കിന് പേരാണ് പ്രതിദിനമെത്തുന്നത്. ഇതോടൊപ്പം തണുപ്പും കോടമഞ്ഞും നിറഞ്ഞ പരുന്തുംപാറ, ഐതിഹ്യപ്രാധാന്യമുള്ള പാഞ്ചാലിമേട്, തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നിവടങ്ങളിലെല്ലാം സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ റിസോർട്ടുകളും ഹോം സ്റ്റേകളും ആഴ്ചകൾക്ക് മുമ്പേ നിറഞ്ഞു. ബൈക്കിൽ ധാരാളം യുവാക്കളുമെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL