പീരുമേട്: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയെന്നാരോപിച്ച് പൊലീസ് ബസ് പിടിച്ചെടുത്തു. എന്നാൽ 2031 വരെ പെർമിറ്റുള്ള ബസ് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഇട്ടിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ ആരോപിക്കുന്നു. പെരിയാർ- ചെങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്ന് വണ്ടിപ്പെരിയാർ പൊലീസ് പെർമിറ്റ് ഇല്ലെന്ന കാരണത്താൽ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഗ്രാമ്പി ഭാഗത്തേയ്ക്ക് സർവീസ് നടത്തുന്ന ബസ് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ടാക്സി ജീപ്പുകാർ തടഞ്ഞിരുന്നു. നേരത്തെ ടാക്സി ജീപ്പുകൾ ബസ് റൂട്ടിൽ സമാന്തര സർവീസ് നടത്തുന്നെന്ന് ബസ് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഗ്രാമ്പി റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞത്. പെർമിറ്റ് ഹാജരാക്കിയിട്ടും പൊലീസ് ഇതുവരെ വാഹനം വിട്ട് നൽകിയിട്ടില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി, ഗതാഗത കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയതായി ഉടമ പറഞ്ഞു. എന്നാൽ ബസ് പരിശോധന സമയത്ത് പെർമിറ്റ് ഇല്ലാതിരുന്നതിനാലാണ് ബസ് കസ്റ്റഡിയിൽ എടുത്തതെന്ന് വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. സ്വകാര്യ ബസിന് വേണ്ട രേഖകൾ ഇല്ലാതെ സർവീസ് നടത്തുമ്പോൾ അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം പോലും ലഭിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് വേണ്ടത്ര രേഖകൾ ഇല്ലാതെ സർവീസ് നടത്തിയ ബസ് അപകടത്തിൽപ്പെട്ടിരുന്നു. സമാന്തര സർവീസുകാരെ സഹായിക്കാനാണ് ബസ് പിടിച്ചിടുന്നതെന്ന് സ്വകാര്യ ബസുടമ ആരോപിച്ചു. ഉൾപ്രദേശങ്ങളിൽ പോലും സ്വകാര്യ ബസ് എത്തുന്നത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാണെന്ന് നാട്ടുകാരും പറയുന്നു. ബസിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുകയും രേഖയുള്ള ബസുകൾ മാത്രം സർവീസ് നടത്തുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |