തൊടുപുഴ: സ്കോളർഷിപ്പ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾക്ക് കൈക്കൂലി വാങ്ങിയ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസ് സീനിയർ ക്ലർക്കിന് മൂന്നുവർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ ഇടവെട്ടി സ്വദേശി റഷീദ് കെ. പനയ്ക്കലിനെയാണ് (50) മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷിച്ചത്. ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയർ ക്ലാർക്കായിരുന്ന പ്രതി മൂന്നാർ സ്വദേശിയുടെ മകൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്ന് വാഗ്ദാനം ചെയ്ത് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് 2019 മുതൽ അനുവദിച്ചിരുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് തന്റെ ഇടപെടലിലൂടെയാണ് വേഗത്തിൽ ലഭ്യമാക്കുന്നതെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 2019ലും 2020ലും ഇയാൾ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങി. 2021ൽ അനുവദിച്ച സ്‌കോളർഷിപ്പ് തുകയുടെ ഗഡുവിൽ നിന്ന് 40,000 രൂപ ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായി 25,000 രൂപ കൈപ്പറ്റുമ്പോഴാണ് ഇടുക്കി വിജിലൻസ് പ്രതിയെ പിടികൂടിയത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈ.എസ്.പിമാരായ വി.ആർ. രവികുമാർ, ഷാജു ജോസ്, പൊലീസ് ഇൻസ്‌പെക്ടർമാരായ സി. വിനോദ്, ടിപ്സൺ തോമസ്, ഷിന്റോ പി. കുര്യൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.എ. സരിത, പി.എസ്. ദിവ്യ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |