
ഓണം ടൂറിസം വാരാഘോഷത്തിന് സമാപനമായി
ഇടുക്കി: വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി നിയോജക മണ്ഡലത്തിലെ ടൂറിസം വാരാഘോഷമായ 'ഓണോത്സവം - 2026ന്റെ' സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകുക എന്നത് സർക്കാരിന്റെ നയവും നിലപാടുമാണ്. അതാണ് ഇത്തവണത്തെ ഓണവിപണിയിൽ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഏത് ബിവറേജിലാണ് കൂടുതൽ കച്ചവടം നടന്നത് എന്ന കൗതുക വാർത്തയ്ക്കപ്പുറം ഏത് സപ്ലൈകോയിലാണ് കൂടുതൽ കച്ചവടം നടന്നത് എന്ന ഗൗരവമായ അന്വേഷണമാണ് ഇത്തവണ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. റോയ് കെ. പൗലോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എം.ഡി അർജുനൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, എ.ഡി.എം മിനി കെ. ജോൺ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരിവ്യവസായി സംഘടനാപ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |