ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ഇടുക്കി ജില്ലയ്ക്ക് ദോഷകരമായി വിജ്ഞാപനം വരുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഡീൻ കുര്യാക്കോസ് എം.പിക്കാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ പശ്ചിമഘട്ടത്തിലെ എം.പിമാരുടെ യോഗം ഒരു തവണ പോലും വിളിച്ചു ചേർക്കാൻ എം.പിക്ക് കഴിഞ്ഞില്ല. വനം- പരിസ്ഥിതി മന്ത്രിയെകൊണ്ട് ഇതിനാവശ്യമായ ഇടപെടൽ നടത്തുന്നതിൽ എം.പി ദയനീയമായി പരാജയപ്പെട്ടു. ജോയ്സ് ജോർജ്ജ് എം.പിയായിരിക്കെ രണ്ടു പ്രത്യേക യോഗങ്ങൾ വിളിപ്പിച്ചിരുന്നു. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചതനുസരിച്ച് ശാസ്ത്രീയവും സമഗ്രവുമായ റിപ്പോർട്ടാണ് എൽ.ഡി.എഫ് സർക്കാർ നൽകിയിട്ടുള്ളത്. കൃഷി തോട്ടം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ട് പ്രത്യേകിച്ചും ഇ.എസ്.എ വനത്തിൽ മാത്രം നിജപ്പെടുത്തി കാർഷിക പ്രദേശങ്ങളെ പൂർണ്ണമായും ഒഴിവാക്കിയാണ് എൽ.ഡി.എഫ് സർക്കാർ റിപ്പോർട്ട് നൽകിയത്. റിമോട്ട് സെൻസിങ്ങിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാൽ തുടർനടപടികൾക്കാവശ്യമായ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് എം.പിമാർ തയ്യാറായില്ല. എൽ.ഡി.എഫ് സർക്കാർ നൽകിയ റിപ്പോർട്ട് എം.പിക്ക് കിട്ടിയിട്ടില്ലെങ്കിൽ അത് വാങ്ങി വായിക്കാൻ തയ്യാറാവണം. തങ്ങൾ അധികാരത്തിൽ വന്നാൽ ജില്ലയിലെ നിർമ്മാണപ്രശ്നങ്ങൾ മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞവർ മൂന്നു മാസം കഴിഞ്ഞിട്ടും ചെറുവിരൽ അനക്കിയിട്ടില്ല. എൽ.ഡി.എഫ് സർക്കാർ നിർമ്മാണ നിരോധനം നീക്കി പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടർ നടപടികൾ വേഗത്തിലാക്കാനും യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |