
തൊടുപുഴ: വായനയെ പരിപോഷിപ്പിക്കാനെന്ന പേരിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റി ഉദ്ഘാടനമാമാങ്കം നടത്തിയ നഗരസഭയുടെ പി.ടി. തോമസ് സ്മാരക ലൈബ്രറി ഭാർഗവീനിലയമായി കിടക്കുന്നു. ടൗൺഹാൾ പരിസരത്തുള്ള നഗരസഭയുടെ പഴയ കെട്ടിടത്തിൽ നിന്ന് ലൈബ്രറി മാറ്റി സ്ഥാപിച്ചിട്ട് രണ്ട് മാസത്തിലേറെയായിട്ടും തുറന്നു പ്രവർത്തിക്കുന്നില്ല. എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടമാണ് നഗരസഭയുടെ കെടുകാര്യസ്ഥത മൂലം വെറുതെ കിടന്ന് നശിക്കുന്നത്. ലൈബ്രറി അടച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ ആർക്കും പ്രവേശനമില്ലാത്ത അവസ്ഥയാണ്. പഴയ ലൈബ്രറിയിൽ നിന്ന് ചാക്കിൽ കെട്ടിമാറ്റിയ പുസ്കകങ്ങൾ അടുക്കിവയ്ക്കാൻ പോലും ആളില്ലാത്ത ശോചനീയവസ്ഥയിലാണ് കെട്ടിടത്തിനകം. യഥാസ്ഥാനത്ത് പുസ്തകങ്ങൾ അടുക്കാനോ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി ലൈബ്രറി തുറന്ന് നൽകാനോ ലൈബ്രറിയനും തീരെ താത്പര്യമില്ല. ഇക്കാര്യത്തിൽ നഗരസഭയും ഉദാസീനതയിലായതോടെ ഇവിടെ കാര്യങ്ങളെല്ലാം തോന്നുംപടിയാണ്. എഴുത്തിനെയും വായനയെയും പൊതുപ്രവർത്തനം പോലെ തന്നെ സ്നേഹിച്ച ജനകീയ നേതാവായിരുന്ന പി.ടി. തോമസിനോട് യു.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭ അനാദരവ് കാണിക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്.
നിലത്തിരുന്ന് വായന
നിലവിൽ ലൈബ്രറിയിൽ ലഭിക്കുന്ന പത്രങ്ങളെല്ലാം റൂമിന് പുറത്തുള്ള വരാന്തയിൽ വാരി വലിച്ചിട്ടിരിക്കുകയാണ്. നഗരസഭയ്ക്കും ലൈബ്രറേറിയനും യാതൊരു ഉത്തരവാദിത്വവുമില്ലെങ്കിലും വായന നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ചില വായനക്കാർ ദിവസവും ഇവിടെയെത്തി പത്രങ്ങൾ അടുക്കിവയ്ക്കുന്നതാണ് പതിവ്. മഴ പെയ്യുന്ന ദിവസങ്ങളിൽ ഇവിടമാകെ നനഞ്ഞുകുളമാകുന്നതിനൊപ്പം പത്രങ്ങളും മഴയിൽ കുതിർന്ന് കിടക്കുന്ന കാഴ്ച പരിതാപകരമാണ്. രാത്രികാലങ്ങളിൽ മതിയായ വെളിച്ചം പോലുമില്ലാത്ത അവസ്ഥയാണിവിടെ. മാറാലയും പൊടിയും നിറഞ്ഞ പിടിച്ച റൂം വൃത്തിയാക്കാൻ പോലും ആരും എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പഴയ കെട്ടിടത്തിൽ ദിനംപ്രതി നൂറോളം പേർ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ലൈബ്രറിയോട് അടുപ്പമുള്ള ചുരുക്കം ചിലരാണ് എത്തുന്നത്. ഇവരാകട്ടെ നിലത്ത് കുത്തിയിരുന്ന് വായിച്ചശേഷം മടങ്ങുകയാണ് പതിവ്. ഇക്കാര്യം പൊതുജനങ്ങൾ പലതവണ നഗരസഭാധികൃതരോട് പരാതിപ്പെട്ടതാണെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.
അപകടം പതിയിരിക്കുന്നു
ലൈബ്രറിയിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം 35 അടിയോളം താഴ്ചയിൽ വലിയ കിടങ്ങുള്ളത് റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് വലിയ ഭീഷണിയാണ്. അബദ്ധത്തിൽ വാഹനങ്ങൾ താഴേക്ക് പതിച്ചാൽ വലിയ അപകടത്തിനിടയാക്കും. ഇതിന് സമീപത്ത് വരെ റോഡരികിൽ സംരക്ഷണഭിത്തിയുണ്ടെങ്കിലും ഇവിടെ യാതൊരുസുരക്ഷാമുന്നറിയിപ്പും ഇല്ലാത്തത് വലിയട ഭീഷണിയാണ് ഉയർത്തുന്നത്.
'' മതിയായ സൗകര്യങ്ങൾ ഒരുക്കാതെയാണ് ലൈബ്രറി ഈ കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ കെട്ടിടത്തിൽ സ്ഥിരമായെത്തിയിരുന്ന പലരും കെട്ടിടം തുറക്കാത്തതിനാൽ ഇവിടേക്ക് വരാറില്ല""
-ജോയി ജോസഫ് (സ്ഥിരം വായനക്കാരൻ)
''പുസ്തകങ്ങൾ പൂർണമായും മാറ്റാനാകാത്തതിനാലാണ് ലൈബ്രറി പ്രവർത്തന സജ്ജമാകാതിരിക്കുന്നത്. ലൈബ്രറിതുറക്കുന്നതിലുള്ള നടപടികൾ ഉടൻ സ്വീകരിക്കും""
-കെ. ദീപക് ( നഗരസഭ വൈസ് ചെയർമാൻ )
''വിഷയം പലതവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല""
-കവി സുകുമാർ അരിക്കുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |