കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടി പ്രദേശത്ത് പെരിയാർ തീരം കൈയേറി അനധികൃത കെട്ടിട നിർമാണം. പഞ്ചായത്തിലെ 11-ാം വാർഡിൽ കട്ടപ്പന- കുട്ടിക്കാനം റോഡിനും പെരിയാറിനും ഇടയിലായിട്ടാണ് വൻകിട കെട്ടിട നിർമാണം പുരോഗമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയ കെട്ടിടത്തിന് പഞ്ചായത്തടക്കം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് ഇപ്പോൾ വീണ്ടും നിർമാണം നടക്കുന്നത്. കെട്ടിട നിർമാണത്തിനെതിരെ ലഭിച്ച പരാതിയിൽ പഞ്ചായത്ത് അന്വേഷണം നടത്തുകയും നിർമാണം ക്രമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിർമാണം നടന്നതിനെ തുടർന്ന് ഉപ്പുതറ പൊലീസിനടക്കം പഞ്ചായത്തിൽ നിന്ന് നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വീണ്ടും ഇവിടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കെ. ചപ്പാത്ത് മുതൽ ഉപ്പുതറ വരെയുള്ള ഭാഗത്ത് കഴിഞ്ഞ വർഷങ്ങളിൽ സമാനമായി നിരവധി നിർമാണങ്ങളാണ് നടന്നു വന്നിട്ടുള്ളത്. പേരിന് സ്റ്റോപ്പ് മെമ്മോകൾ നൽകുമെങ്കിലും നിർമാണത്തിന് കുട പിടിക്കുന്നത് അധികൃതർ തന്നെയാണെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഇത്തരം അനധികൃത നിർമ്മാണങ്ങളുടെ പിന്നിൽ വൻ പണമിടപാടുകൾ നടക്കുന്നതായും സംശയിക്കുന്നുണ്ട്.
10 വർഷം, പത്തിലേറെ കെട്ടിടങ്ങൾ
കഴിഞ്ഞ 10 വർഷത്തിനിടെ പെരിയാർ തീരത്ത് പ്രദേശത്ത് മാത്രം 10ലേറെ കെട്ടിടങ്ങളാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിൽ മിക്കതും വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളാണ്. നേരത്തെ കെ. ചപ്പാത്തിൽ നദി കൈയ്യേറി നടന്ന നിർമാണങ്ങളിലും നടപടികൾ പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |