SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.00 PM IST

കാട്ടാനയേക്കാൾ ക്രൂരം, അധികാരികളുടെ ഉള്ളം

wild-tusker

ഇടുക്കി: 2025 ജൂൺ 13ന് മീൻമുട്ടി വനത്തിൽ വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ സീതയുടെ (42) കുടുംബത്തിന് ഒരു വർഷമായിട്ടും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇത് ഒരാളുടെ മാത്രം കഥയല്ല, കാട്ടാനയടക്കമുള്ള വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭൂരിഭാഗം പേരുടെയും കുടുംബങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇരകളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിര ജോലിയും ലഭിച്ചിട്ടില്ല. ചില കുടുംബങ്ങൾക്ക് ആകെ കിട്ടിയത് അടിയന്തരസഹായമായി നൽകിയ അമ്പതിനായിരം രൂപ മാത്രമാണ്.

മൂന്നാർ ഡിവിഷനിൽ കാട്ടാനയാക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശിനി പരിമളം (44), കോയമ്പത്തൂർ സ്വദേശിപോൾ രാജ് (73), ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരുടെ കുടുംബങ്ങൾ 50,000 രൂപ മാത്രം കിട്ടിയവരിൽ ചിലരാണ്. പരിക്കേറ്റവരിൽ ജീവിതം പിന്നീട് പൂർണ്ണമായും കിടക്കയിലായി തീർന്ന നിരവധി പേരുണ്ട്. 2024 ഫെബ്രുവരി 26ന് രാത്രി കന്നിമല ടോപ് ഡിവിഷനിൽ ഓട്ടോറിക്ഷയ്ക്ക് നേരെയുണ്ടായ കാട്ടാനയാക്രമണത്തിൽ ഡ്രൈവറായിരുന്ന സുരേഷ് കുമാർ (46) കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ യാത്രികരായിരുന്ന എസക്കിരാജ്, ഭാര്യ റജീന, മകൾ കുട്ടിപ്രിയ എന്നിവർക്ക് ഒരു വർഷമായിട്ടും സർക്കാരിൽ നിന്ന് ഒരു രൂപ പോലും കിട്ടിയില്ല. ഫണ്ടിന്റെ ലഭ്യതക്കുറവും വ്യക്തമായ രേഖകൾ സമർപ്പിക്കാത്തതുമെല്ലാമാണ് വനംവകുപ്പ് പറയുന്ന ന്യായങ്ങൾ.


പണം കിട്ടാൻ കടമ്പളേറെ
വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് അടിയന്തരമായി 50,000 രൂപയാണ് നൽകുക. വില്ലേജ് ഓഫീസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷം രൂപയും താലൂക്ക് ഓഫീസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും അനുവദിക്കാറുണ്ട്. എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഏറെ സമയമെടുക്കും. മുമ്പ് വില്ലേജ് ഓഫീസിൽ നിന്ന് നൽകുന്ന കുടുംബാംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിയിരുന്നതാണ്.


നഷ്ടപരിഹാരം കൂട്ടാൻ ആലോചന

നിലവിൽ വന്യജീവിയാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റാൽ ഒരു ലക്ഷവുമാണ് അനുവദിക്കുക. ഈ തുക ദുരന്തനിവാരണ നിധി കൂടി ഉൾപ്പെടുത്തി വർദ്ധിപ്പിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. മന്ത്രിസഭയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL