
കണ്ണൂർ:പി.ജയരാജനും ടി.വി.രാജേഷും വിചാരണ നേരിടണമെന്ന സി.ബി.ഐ കോടതി വിധിയോടെ അരിയിൽ ഷുക്കൂർ വധക്കേസ് വീണ്ടും ശ്രദ്ധാവിഷയമാകുന്നു.ഗൂഢാലോചനക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഇരുവരുടേയും അപേക്ഷ തള്ളിയ കോടതി രാഷ്ട്രീയചർച്ചയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പു കാലത്തും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും കോടതി വിധികൾ വന്നത് ജയരാജന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായിരുന്നു. 2012 ഫെബ്രുവരി 20 നായിരുന്നു കണ്ണൂർ തളിപ്പറമ്പ് അരിയിൽ ഷുക്കൂറിനെ കീഴറയിൽ വച്ച് കൊലപ്പെടുത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി.രാജേഷ് എം.എൽ.എയും ഉൾപ്പെടെ 34 പേരാണ് കേസിലെ പ്രതികൾ. അരിയിലിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷ് എം.എൽ.എയും സഞ്ചരിച്ച കാറിനു നേരെ അക്രമമുണ്ടായതിന് പിന്നാലെയാണ് ഷുക്കൂർ കൊലചെയ്യപ്പെട്ടതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അക്രമണത്തിൽ പരുക്കേറ്റ ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് ഇവരുടെ സാന്നിധ്യത്തിൽ പ്രാദേശിക നേതാക്കൾ കൊലപാതക ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഫോട്ടോ മൊബൈലിൽ അയച്ചുകൊടുത്ത് ഉറപ്പാക്കിയതിനുശേഷമാണ് ഷുക്കൂർ കൊലചെയ്യപ്പെട്ടതെന്നും രണ്ടര മണിക്കൂറോളം ഷുക്കൂറും സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരുടെ തടവിലായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
വിചാരണ നേരിടണം
വിടുതൽ ഹർജി തള്ളിയതിനെ തുടർന്ന് ഇരു നേതാക്കളും ഇനി വിചാരണ നേരിടേണ്ടിവരും.
മൊഴികളും സാഹചര്യതെളിവുകളും എതിരായതോടെ പി.ജയരാജനെ അറസ്റ്റ് ചെയ്തു. ടി.വി രാജേഷ് കണ്ണൂർ കോടതിയിൽ കീഴടങ്ങി. 2016 ഫെബ്രുവരിയിൽ ജസ്റ്റിസ് ബി.കെമാൽപാഷ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. 2019 ഫെബ്രുവരിയിൽ പി.ജയരാജനും രാജേഷിനുമെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
നിർണായകമായത് മാതാവിന്റെ ഹരജി
കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ നൽകിയ ഹർജി തീർപ്പാക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന ഷുക്കൂറിന്റെ അമ്മ ആതിക്കയുടെ ഹരജി പരിഗണിക്കപ്പെട്ടതാണ് സി.ബി.ഐ കോടതിയിൽ നിർണായകമായത്. കൊലപാതകത്തിൽ ഇരുവർക്കുമെതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും അവർ കോടതിയെ ബോധിപ്പിച്ചു.കാറിന് കല്ലെറിഞ്ഞു എന്ന ആരോപണത്തെത്തുടർന്ന് ഷുക്കൂറിനെ വധിക്കാനുള്ള പ്രേരണ ജയരാജിനും രാജേഷിനും ഉണ്ടായിരുന്നെന്നും അതിനായി പ്രാദേശികനേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് ആത്തിക്ക ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ വാദമാണ് സി.പി.എം നേതാക്കളുടെ വിടുതൽ ഹരജിയെ ദുർബലപ്പെടുത്തിയത്.
ലീഗിനും നിർണായകം
ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകൻ ടി.പി. ഹരീന്ദ്രന്റെ ആരോപണം ഇടക്കാലത്ത് വൻ വിവാദമായിരുന്നു. ഈ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശം ലീഗും കോൺഗ്രസും തമ്മിലുള്ള സൗഹൃദത്തെ വരെ ഉലച്ചതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |