
കണ്ണൂർ: വർഷാവർഷം സംസ്ഥാന സ്‌കൂൾ കലാമേളകൾ പൊടി പൊടിക്കുമ്പോൾ ഭിന്നശേഷിയുള്ളവർക്കായുള്ള സ്‌പെഷൽ സ്‌കൂൾ കലാമേളയുടെ പകിട്ട് കുറയാതിരിക്കാൻ അതീവശ്രദ്ധയാണ് സംഘാടകർ പുലർത്തുന്നത്. ചേർത്തുപിടിക്കലിന്റെ ഈ ഉത്സവത്തിന് സർക്കാർ നീക്കുന്ന ഫണ്ട് അപര്യാപ്തമായിരിക്കെ സ്‌പോൺസർഷിപ്പാണ് പരിഹാരമാർഗം.
ഉത്സവാന്തരീക്ഷത്തിൽ ആഘോഷപൂർവ്വം
അച്ഛനമ്മമാരോടൊത്ത് ആഘോഷങ്ങളിലും സൗഹൃദകൂട്ടായ്മകളിലും കുടുംബച്ചടങ്ങുകളിലും ഒക്കെ പങ്കെടുക്കുന്നതിന് പലപ്പോഴും കഴിയാത്ത ഈ കുട്ടികൾ സന്തോഷത്തോടെയാണ് കലോത്സവത്തിന്റെ ഭാഗമാകുന്നത്. മത്സരത്തിന്
മുൻപ് ആവശ്യമെങ്കിൽ കൗൺസിലിംഗ് പോലെ മാനസികപിന്തുണ നൽകുന്ന സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രേസ് മാർക്ക് വർദ്ധിപ്പിച്ചു
സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 20, സി ഗ്രേഡിന് 15 മാർക്ക് വീതമാണ് ഇക്കുറി ഗ്രേസ് മാർക്ക്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് അഞ്ചുമാർക്ക് വീതം അധികം. സാാധാരണ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും ഇതു ഗുണം ചെയ്യും. അതെ സമയം മറ്റ് കുട്ടികൾ പങ്കെടുക്കുന്ന കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഇതിലെ മത്സരാർത്ഥികളിൽ അധികം പേർക്കും ഇഷ്ടം.
ഓണറേറിയം കൊടുക്കണം സാർ,
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ണിലെ കൃഷ്ണമണികളെ പോലെ നോക്കുന്ന സ്‌പെഷൽ സ്‌കൂളുകളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും സ്‌പെഷൽ സ്‌കൂൾ ജീവനക്കാർക്കും നിലവിൽ പത്തു മാസത്തെ ഓണറേറിയം കുടിശികയാണ്. പി.ടി.എകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഫണ്ട് ലഭ്യമാക്കുന്നത്. കുട്ടികളുടെ എണ്ണം അനുസരിച്ചു സ്‌കൂളുകളെ നാല് ഗ്രേഡായി തിരിച്ചു പാക്കേജ് തയാറാക്കിയാണ് അദ്ധ്യാപകർ, തെറാപ്പിസ്റ്റുകൾ, ആയമാർ എന്നിവർക്ക് ഓണറേറിയം നൽകുന്നത്. പതിനെണ്ണായിരം മുതൽ 33,000 വരെയാണ് ഈ തുക.
എല്ലാവർക്കും ട്രോഫി
കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് ആയിരം രൂപയാണ് ഗ്രാന്റ്. ഒരു സ്‌കൂളിന് കലോത്സവത്തിൽ പങ്കെടുക്കാൻ 1500 രൂപയും നൽകും. സ്‌കൂളുകൾക്ക് അനുവദിക്കുന്ന പൊതു ഗ്രാന്റിൽ നിന്നുള്ള തുകയും സ്‌പോൺസർമാരിൽ നിന്ന് ശേഖരിക്കുന്ന തുകയും ചേർത്താണ് സ്‌കൂളുകൾ കുട്ടികളെ മത്സരത്തിനെത്തിക്കുന്നത്. മത്സരിക്കുന്ന എല്ലാവർക്കും ട്രോഫി നൽകാൻ സ്‌പോൺസർഷിപ്പിലൂടെയാണ് തുക കണ്ടെത്തുന്നത്.
ഇത്ര ഇനങ്ങൾ പോര!
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെന്ന പോലെ മുഴുവൻ മത്സര ഇനങ്ങളും സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിലും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർക്ക് ഒൻപതും കേൾവി പരിമിതിയുള്ളവർക്ക് പതിനഞ്ചും കാഴ്ച പരിമിതിയുള്ളവർക്ക് പത്തൊൻപതും ഇനങ്ങളിലാണ് നിലവിൽ മത്സരം.
കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കാത്ത തരത്തിൽ അവരുടെ കഴിവിനൊത്ത് പെർഫോം ചെയ്യാനാകുന്ന ഇനങ്ങൾ ഇനിയും ഉൾൾപ്പെടുത്തേണ്ടതുണ്ട്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മിമിക്രി പോലുള്ള ഇനങ്ങൾ വഴങ്ങുമെന്ന അഭിപ്രായമുയരാറുണ്ട്. ഇനങ്ങൾ വർദ്ധിച്ചാൽ പങ്കാളിത്തം കൂടും
സി.എ. സന്തോഷ്( എ.ഡി.പി.ഐ.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |