കണ്ണൂർ: ലക്ഷ്യപ്രാപ്തി കാണാതെ കെ സ്റ്റോറുകൾ വ്യാപാരികൾക്കും തലവേദനയാകുന്നു. ആവശ്യത്തിന് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകാത്തതാണ് വ്യാപാരികളെ വെട്ടിലാക്കിയത്.
സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങൾ, ചോട്ടുഗ്യാസ് (അഞ്ച് കിലോയുടെ പാചക വാതക സിലിണ്ടർ), മിൽമ, ശബരി ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കൽ, 10,000 രൂപയിൽ കുറഞ്ഞ ബാങ്കിംഗ്, അക്ഷയ മാതൃകയിൽ സേവനങ്ങൾ എന്നിവയാണു പദ്ധതി ലക്ഷ്യം വച്ചിരുന്നത്. എന്നാൽ ഇതൊന്നും പലയിടത്തും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
കെ സ്‌റ്റോർ നടത്തുന്ന വ്യാപാരിക്ക് സഹായിയെ ആവശ്യമെങ്കിൽ വ്യാപാരികൾ സ്വന്തം ഉത്തരവാദിത്വത്തിൽ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഒരു കെ സ്റ്റോർ നടത്തിപ്പുകാരന് മാസം 12,000 രൂപയോളം ചെലവു വരുന്നുണ്ട്. മുറി വാടകയ്ക്ക് എടുത്തും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ചെലവഴിച്ച തുകയ്ക്ക് അനുസരിച്ചുള്ള വരുമാനം പോലും ലഭിക്കാത്തതോടെ നിർത്തിയാലോ എന്ന ആലോചനയിലാണ് കെ സ്‌റ്റോർ വ്യാപാരികൾ. സ്റ്റോറുകളിലേക്ക് ഉത്പന്നങ്ങൾ നൽകാനുള്ള ഉത്തരവാദിത്തം സപ്ലൈകോയ്ക്കായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടക്കം മുതൽ തന്നെ വീഴ്ചയുണ്ടായി.
ലക്ഷ്യം റേഷൻ കടകളുടെ ആധുനികവത്കരണം
റേഷൻ കടകളുടെ മുഖച്ഛായ മാറ്റി കെ സ്റ്റോർ ആക്കി റിബ്രാൻഡ് ചെയ്ത് ചെറിയ സൂപ്പർമാർക്കറ്റ്, മൈക്രോ എ.ടി.എം രൂപത്തിലേയ്ക്ക് മാറ്റുന്ന പദ്ധതി ആയിരുന്നു ഇത്. പദ്ധതിയിലൂടെ ആവശ്യക്കാർക്ക് റേഷൻ കടകൾ വഴി ലഭിക്കേണ്ട നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ഉണ്ടാകുമെന്നാണ് വകുപ്പ് മുന്നോട്ടുവച്ചത്. ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകൾക്കാണ് കെ സ്റ്റോർ ലൈസൻസ് അനുവദിക്കുക എന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. എന്നാൽ എല്ലാ റേഷൻ കടകളിലും പദ്ധതി നടപ്പാക്കാൻ പിന്നീട് തീരുമാനിച്ചു. സംസ്ഥാനത്തെ 1000 റേഷൻ കടകളെ കെ സ്റ്റോറാക്കി മാറ്റാനായിരുന്നു തീരുമാനം. പിന്നീട് പൈലറ്റ് അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത റേഷൻ കടകളെ കെസ്റ്റോർ ആക്കി മാറ്റി.
കണ്ണൂരിൽ തുടങ്ങിയത് 39
കണ്ണൂർ ജില്ലയിൽ 39 കെ സ്റ്റോറുകളാണ് തുടങ്ങിയത്. ഇതിൽ പലതും നിലവിൽ പേരിനു മാത്രമാണ്. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തുടങ്ങിയ പത്തിൽ ഏഴ് സ്റ്റോറുകളും പൂട്ടിയിരുന്നു.
റേഷൻസാധനങ്ങൾ ഒഴികെയുള്ള എല്ലാ പലവ്യഞ്ജനങ്ങളും കെ സ്റ്റോർ വഴി വിൽക്കാൻ അനുവദിക്കണം. മിൽമ, സപ്ലൈകോ ഉത്പന്നങ്ങൾ എത്തിച്ച് നൽകേണ്ട സംവിധാനമില്ലാത്തതിനാൽ സ്വന്തം നിലയിൽ ഇവ ശേഖരിക്കണ്ടി വരുന്നു.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |