
കാസർകോട് : നീലേശ്വരം തെരു റോഡിലെ അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് 30 ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
എന്നാൽ ദുരന്തത്തിന്റെ വ്യാപ്‌തി കൂടുതൽ ആയതിനാലും മരിച്ചവരും പൊള്ളലേറ്റവരും നിർദ്ധന കുടുംബത്തിലെ അംഗങ്ങളും ആയതിനാൽ ചികിത്സ സഹായം കൊണ്ടൊന്നും കണ്ണൂരൊപ്പാൻ കഴിയില്ലെന്ന് 'കേരള കൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചോയ്യങ്കോട് കിണാവൂരിലെ ഓട്ടോ ഡ്രൈവർ സി.സന്ദീപ് (38) എഫ്.സി.ഐ ഡിപ്പോയിലെ ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു.രതീഷ് (40) കൊല്ലംപാറ മഞ്ഞളംകാടിലെ ഓട്ടോ ഡ്രൈവർ കെ.ബിജു (37) ചെന്നൈയിലെ വിദ്യാർത്ഥി തുരുത്തി ഓർക്കുളത്തെ ഷിബിൻരാജ് (19) എന്നിവരാണ് വിവിധ ദിവസങ്ങളിലായി മരിച്ചത്. മൂവാളംകുഴി ചാമുണ്ഡിയുടെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ തീപ്പൊരി വെടിമരുന്ന് ശേഖരം ഉണ്ടായിരുന്ന കെട്ടിടത്തിനുള്ളിലേക്ക് വീഴുകയും ഒന്നായി പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 154 പേരിലാണ് നാലു പേരുടെ മരണം സംഭവിച്ചത്.
ഏതാനും ചിലർ കൂടി ഗുരുതരമായ നിലയിൽ കഴിയുകയാണ്. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സർക്കാർ കൊടുത്താൽ ഫണ്ട് അനുവദിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |