
കൊട്ടിയൂർ: വന്യജീവി ആക്രമണം നേരിടുന്ന വനാതിർത്തിയിലേയും സമീപപ്രദേശങ്ങളിലേയും ഭൂമി പണം നൽകി ഏറ്റെടുക്കുന്ന വനംവകുപ്പിന്റെ നവകിരണം പദ്ധതിയുടെ ആനുകൂല്യം ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ കർഷകർക്കും നൽകണമെന്ന ആവശ്യമുയർത്തി കൊട്ടിയൂരിൽ ചേർന്ന ജനപ്രതിനിധികളുടേയും കർഷകരുടേയും യോഗം. പഞ്ചായത്തിലെ ചപ്പമലയിൽ കുടിയൊഴിയാൻ സന്നദ്ധരായി അപേക്ഷ നൽകിയവർക്ക് അടിയന്തിരമായും വ്യവസ്ഥ പ്രകാരം പണം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
നിലവിൽ റീച്ച് തിരിച്ച് മുൻഗണനാക്രമത്തിലാണ് വനംവകുപ്പ് കർഷകരിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നത്. അർഹരായ പല കർഷകരും ആദ്യ റീച്ചിൽ ഉൾപ്പെട്ടില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് റീച്ച് മാനദണ്ഡം ഒഴിവാക്കി പദ്ധതിയോട് താൽപര്യം കാട്ടി അപേക്ഷ നൽകിയ മുഴുവൻ കർഷകർക്കും പണം നൽകണമെന്ന നിർദ്ദേശം സർക്കാരിന് സമർപ്പിക്കാൻ തയ്യാറായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുനീന്ദ്രൻ,വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തി, റേഞ്ചർ പി.പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ജിതിൻ, ഷൈജു, എസ്.എഫ്.ഒ ടി.പ്രമോദ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷർ, ജനപ്രതിനിധികൾ നേതൃത്വം നൽകി. നിരവധി കർഷകർ യോഗത്തിൽ പങ്കെടുത്തു.
ലിസ്റ്റ് റവന്യുവിന്റേതെന്ന് വനംവകുപ്പ്
ഭൂമിയുടെ അളവും രേഖയും അടിസ്ഥാനമാക്കി അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് ലാൻഡ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണെന്നും നടപടി സുഗമമാക്കൽ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ് യോഗത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.
യോഗം റേഞ്ച് ഓഫീസ് ഉപരോധത്തിന് പിന്നാലെ
വനംവകുപ്പിന് കൃഷി ഭൂമി വിട്ടുകൊടുക്കാൻ അപേക്ഷ നൽകിയവരിൽ അർഹരെ അവഗണിച്ചുവെന്നാരോപിച്ച് ഒരാഴ്ച മുമ്പ് കൊട്ടിയൂർ ചപ്പമലയിലെ കർഷകർ എടയാറിലുള്ള വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് കർഷകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തയോഗം ചേർന്ന് പ്രശ്ന പരിഹാരം കാണാൻ തീരുമാനിച്ചത്.
കൊട്ടിയൂരിൽ മാത്രം 800 പേർ
കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം 800ൽ അധികം അപേക്ഷകളാണ് പദ്ധതിയിൽ ലഭിച്ചത്. ചപ്പമല, കരിമ്പുകണ്ടം പ്രദേശത്ത് നിന്ന് മാത്രം 168 കുടുംബങ്ങൾ അപേക്ഷ നൽകി. ഇതിൽ വെറും 41 പേർക്കാണ് പണം ലഭിച്ചത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 33 പേർ ഇനിയും വനാതിർത്തിയോട് ചേർന്ന് കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |