
കേസെടുത്തത് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം
കാസർകോട്: ലാഭം വാഗ്ദാനം ചെയ്ത് ജൂവല്ലറിയിലേക്ക് സ്വർണം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജിസി ബഷീർ (54)ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. നിക്ഷേപമായി നൽകിയ 65 പവൻ തിരികെ നൽകിയില്ലെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് ജ്വല്ലറി ഉടമകളായ ഇവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്.
തൃക്കരിപ്പൂർ വെള്ളാപ്പിലെ എ.ബി.ഷഹലയുടെ പരാതിയിൽ എ.ജി.സി ബഷീറിന് പുറമെ തൃക്കരിപ്പൂർ സ്വദേശികളായ ടി.പി.ഷാഹുൽ ഹമീദ് (58), സി.കെ.പി മുഹമ്മദ് കുഞ്ഞി (58), ഷാഹിദ് (52) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
2014 ഫെബ്രുവരി 20ന് അറേബ്യൻ ജ്വല്ലറിയുടെ മാനേജിംഗ് പാർടണറായ ഷാഹുൽ ഹമീദും പാർടണർമാരായ മറ്റു മൂന്ന് പേരും ലാഭവിഹിതം തരാമെന്ന് പറഞ്ഞ് 200 ഗ്രാം സ്വർണം ഡിപ്പൊസിറ്റായി വാങ്ങിയെന്നും പിന്നീട് ലാഭ വിഹിതമോ വാങ്ങിയ സ്വർണമോ തിരികെ നൽകിയില്ലെന്നുമാണ് ഷഹലയുടെ പരാതി. ഇതിന് പുറമെ വെള്ളാപ്പിലെ എ.ബി.സൽമയുടെ പരാതിയിലും ഈ നാല് പേർക്കെതിരെ കേസെടുത്തു. 2013 ഒക്ടോബർ 30ന് താനും ഭർത്താവ് മൂസയും നിക്ഷേപമായി നൽകിയ 41 പവൻ തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് സൽമ ചന്തേര പൊലീസിൽ നൽകിയ പരാതി.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പത്ത് വർഷത്തിന്ന് ശേഷമാണ് നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നത്.ലീഗ് നേതാക്കൾ പാർട്ണർഷിപ്പിൽ തുടങ്ങിയ അറേബ്യൻ ജുവല്ലറി പൂട്ടിയതിനെ തുടർന്ന് നിക്ഷേപകർ ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പലതവണകളായി മദ്ധ്യസ്ഥ ചർച്ചകൾ നടത്തി ഒതുക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്. നേരത്തെ ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജൂവല്ലറിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുസ്ലിം ലീഗിന്റെ മുൻ എം.എൽ.എ എം.സി ഖമറുദ്ദീൻ ഉൾപ്പെടെയുള്ളവർ പ്രതിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |