ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു
ചെറുപുഴ: കാക്കയംചാലിൽനിയന്ത്രണം വിട്ട സ്വകാര്യ ബസ് ഓട്ടോ റിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് കടയിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെ ആയിരുന്നു അപകടം. പയ്യന്നൂർ ഭാഗത്തു നിന്നും പുളിങ്ങോം ഭാഗത്തേക്ക് പോകുകയായിരുന്ന ഐഷാനി എന്ന ബസാണ് കാക്കയംചാലിൽ സെന്റ് മേരീസ് ഫൊറോന പള്ളിക്കു മുന്നിൽ അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിൽ വന്ന ബസ് ആദ്യം റോഡിന്റെ വലതു വശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടത്തേയ്ക്ക് വെട്ടിച്ചപ്പോൾ സ്കൂട്ടറിലും ഇടിച്ചു. പിന്നീട് നിരവധി വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തകർത്ത് റോഡിന്റെ ഇടതു വശത്തെ വനിതാ ഹോട്ടലിന്റെ ഷീറ്റുകളും തകർത്ത് രവീന്ദ്ര അപ്ഹോൾസ്റ്ററി ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ഹോട്ടലിന്റെ സമീപത്ത് വരാന്തയിൽ നിൽക്കുകയായിരുന്ന കാക്കയംചാൽ സ്വദേശി കൂട്ടമാക്കൽ ജോഷി (62), റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ചെറുപുഴ സ്വദേശി പറഞ്ഞിക്കാട്ടിൽ പി.കെ. രഞ്ജിത്ത് (38), ചെറുപുഴ എസ്.ആർ സദനിലെ സാവിയോ ബി ആന്റണി (10), ലിയോണ ബി ആന്റണി (14), പാലക്കുടിയിൽ സാവിയോ ജിമ്മി (16), സാനിയ ജിമ്മി (14), സ്കൂട്ടി യാത്രക്കാരായ ഫൈസൽ (36), നഫീസത്ത് (30), ഹാദിയ (8), മുഹമ്മദ് (6), ബസിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിമംഗലം സ്വദേശിയായ മൊയ്തീൻ (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകി. കൂട്ടിമാക്കൂൽ ജോഷി, സാനിയ ജിമ്മി, മൊയ്ദീൻ എന്നിവരെ വിദഗ്ദ്ധ ചികിൽസയ്ക്കായി പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കി മാറ്റി.
നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അല്പം കൂടി ബസ് മുന്നോട്ടു പോയിരുന്നെങ്കിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിലിടിച്ച് വൻ അപകടം ഉണ്ടാകുമായിരുന്നു. ഞായറാഴ്ച ആയതിനാൽ കടകൾ അവധിയായതും രക്ഷയായി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അപകട സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |