
കണ്ണൂർ: കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെ സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാല് ബാറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നായി 685 ഉദ്യോഗാർത്ഥികളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ 322 പേർക്ക് നിലവിൽ നിയമനം ലഭിച്ചിട്ടുണ്ട്. ഏപ്രിലിൽ കാലാവധി അവസാനിക്കാനിരിക്കെ ലിസ്റ്റിൽ ഉൾപ്പെട്ടെ മറ്റ് ഉദ്യോഗാർത്ഥികളെല്ലാം ഏറെ ആശങ്കയിലാണ്.
കഴിഞ്ഞ തവണ നിയമന ശുപാർശ ലഭിച്ചതിനോടടുത്ത് ആൾക്കാർ മാത്രമേ ഇത്തവണ മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളൂവെന്നതിനാൽ പരമാവധി ആൾക്കാർക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സാധിക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. ഫസ്റ്റ് ബാച്ചിലേക്കുള്ള 322 അഡ്വൈസുകൾ നിലവിൽ അയച്ചു കഴിഞ്ഞു. റൊട്ടേഷൻ പ്രകാരം മെയിൻ ലിസ്റ്റിലെ അവസാന ഉദ്യോഗാർത്ഥിക്കും ജോലി ലഭിക്കുന്നതിനായി ഇനിയും 492 വേക്കൻസികൾ ആവശ്യമാണ്. ഫസ്റ്റ് ബാച്ചിലെ പോലെ നല്ലൊരു എണ്ണം വേക്കൻസി സെക്കന്റ് ബാച്ചിലേക്കു ലഭിച്ചാൽ മാത്രമേ ലിസ്റ്റിൽ നിന്നും പരമാവധി നിയമനം നൽകാനാകൂ.
ഇതിനിടയിൽ തന്നെ അടുത്ത കൊല്ലത്തേക്കുള്ള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ ചുരുക്കപ്പട്ടികയും നിലവിൽ വന്നു. ഇപ്രാവശ്യത്തെ ലിസ്റ്റിനേക്കാളും പകുതി ആൾക്കാർ മാത്രമാണ് വരാൻ പോകുന്ന റാങ്ക് ലിസ്റ്റിൽ ഉണ്ടാവുക. റിട്ടയർമെന്റ് വേക്കൻസികൾ മാത്രം ഉണ്ടായാൽ തന്നെ അടുത്ത ലിസ്റ്റിലെ പരമാവധിപേർക്കും നിയമനം നൽകാം. അടുത്ത റാങ്ക് ലിസ്റ്റിനു വേണ്ടി പോസ്റ്റ് ക്രിയേഷൻ നടത്തേണ്ട ബാധ്യത സർക്കാരിന് ഉണ്ടാവുകയുമില്ല. കഴിഞ്ഞ ലിസ്റ്റ് അവസാനിച്ചു തൊട്ടടുത്ത ദിവസം തന്നെ സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാല് ബാറ്റാലിയൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനാൽ ചുരുങ്ങിയ കാലയളവിൽ സ്വഭാവികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏതാനും ഒഴിവുകൾ കൊണ്ട് മാത്രം ലിസ്റ്റിൽ പൂർണമായും നിയമനം ലഭിക്കില്ലെന്നതിനാലാണ് പുതിയ തസ്‌തിക സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുന്നത്.
വേണം 6476 സി.പി.ഒമാർ
പൊലീസ് സ്റ്റേഷനുകളിലെ വർദ്ധിച്ചുവരുന്ന ജോലിഭാരത്തിന് ആനുപാതികമായി അധിക അംഗബലം ആവശ്യപ്പെട്ട് വിവിധ ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിക്ക് ശുപാർശ നൽകിയ പ്രകാരം ആകെ 6476 സി.പി.ഒ മാരുടെ അധിക തസ്തിക അനുവദിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയൽ നിരവധി തവണ ധനകാര്യവകുപ്പിൽ എത്തിയിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നിരസിക്കുകയാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ച് പൊലീസ് സേനയിലെ അംഗബലം വർദ്ധിപ്പിച്ചാൽ മാത്രമേ കൂടുതൽ കാര്യക്ഷമമായ പൊലീസ് സംവിധാനം സംസ്ഥാനത്ത് ഉറപ്പുവരുത്താനാകൂ.
ഏറെ കഷ്ടപെട്ട് പഠിച്ച് ഫിസിക്കൽ ടെസ്റ്റും പാസ്സായാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. സർക്കാർ നടപടിയെടുത്തേെ മതിയാകു. ഈ ലിസ്റ്റ് പലരുടേയും ജീവിതമാണ്.
ഉദ്യോഗാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |