SignIn
Kerala Kaumudi Online
Sunday, 18 October 2026 2.30 AM IST

ഗാർഹിക പീഡനം കണ്ടെത്താൻ  അയൽക്കൂട്ട സമിതി 

ajeetha
അജീതാബീഗം

 സുരക്ഷാസമിതി രൂപീകരിക്കാൻ പൊലീസ്  ആശാ പ്രവർത്തകരും ഭാഗമാകും

തിരുവനന്തപുരം: പരാതിയില്ലെങ്കിലും സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ കണ്ടെത്താനും അവരെ രക്ഷിക്കാനും കുടുംബശ്രീയെ രംഗത്ത് ഇറക്കി പൊലീസിന്റെ ബൃഹദ്‌പദ്ധതി. 48 ലക്ഷത്തിലേറെ അംഗങ്ങളുള്ള കുടുംബശ്രീ വഴി ഗാർഹികപീഡന വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനും ആത്മഹത്യയിലേക്ക് പോവാതെ സ്ത്രീകളെ രക്ഷിക്കാനുമാവും.
ഗാർഹികപീഡനം നിശബ്ദമായി സഹിക്കുന്ന സ്ത്രീകൾക്ക് ആശ്വാസമായിരിക്കും ഇതെന്ന് ഐ.ജി അജീതാബീഗം 'കേരളകൗമുദി'യോട് പറഞ്ഞു.

ആശാപ്രവർത്തകരെയും അങ്കണവാടി ജീവനക്കാരെയും സഹകരിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചിരുന്നു. ഇതിനു പുറമേയാണ് അയൽക്കൂട്ടങ്ങളുടെ സഹായം തേടുന്നത്.

ഗാർഹികപീഡനം തടയാനുള്ള 'സ്പീക്ക്-അപ്' ദൗത്യസംഘത്തെ നയിക്കുന്ന ഐ.ജി എസ്.അജീതാബീഗം നൽകിയ ഈ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെയാവും നടപ്പാക്കുക.

എല്ലാമാസവും അയൽക്കൂട്ടങ്ങളിലെ സ്ത്രീസുരക്ഷാസമിതി അതത് പ്രദേശത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യണം. ഗാർഹികപീഡനം നേരിടുന്നവർക്ക് നിർഭയമായി വിവരങ്ങൾ ഈ സമിതിയെ അറിയിക്കാം.

3,17,724 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും അഞ്ചുപേരടങ്ങിയ സ്ത്രീസുരക്ഷാസമിതി രൂപീകരിക്കും. പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐയെ വനിതാസുരക്ഷാ എസ്.ഐയായും വനിതാ സി.പി.ഒയെ സ്ത്രീസുരക്ഷാ ഓഫീസറായും നിയോഗിക്കും. അയൽക്കൂട്ട സമിതികളിൽ നിന്ന് വിവരം ശേഖരിക്കേണ്ടതും നടപടിയെടുക്കേണ്ടതും ഇവരാണ്. ജില്ലകളിൽ ജൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പിക്കാവും മേൽനോട്ടം.

'സ്പീക്ക്-അപ്' ദൗത്യം തുടങ്ങിയ ഒരാഴ്ചയ്ക്കുള്ളിൽ 91ഗാർഹികപീഡന പരാതികളുണ്ടായി. നടപടി ഉറപ്പാക്കാൻ 16 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓരോ പരാതിയിലും സ്വീകരിച്ച നടപടികൾ ഇവർ എല്ലാദിവസവും സൂക്ഷ്മപരിശോധന നടത്തുകയും പരാതിക്കാരിയെ വിളിച്ച് ഉറപ്പാക്കുകയും ചെയ്യും. നടപടിയിൽ തൃപ്തിയില്ലെങ്കിൽ വനിതാസെൽ എസ്.പിക്ക് കൈമാറും. ജില്ലാ പൊലീസ് മേധാവിമാരെ ഇടപെടുത്തി പരിഹാരമുണ്ടാക്കും. എഫ്.ഐ.ആറുകളിലും അന്വേഷണത്തിലും ദൗത്യസംഘത്തിന്റെ സൂക്ഷ്‌മപരിശോധനയുണ്ടാവും.

പൊലീസ് ഒതുക്കിയതും

അന്വേഷിക്കും

പൊലീസ് ഒതുക്കിയ കേസുകൾ വീണ്ടും അന്വേഷിക്കും. പ്രതികളുമായി ഒത്തുകളിച്ച് അറസ്റ്റൊഴിവാക്കുകയും തിരച്ചിൽ നോട്ടീസോ വിദേശത്തുള്ളവർക്കായി ലുക്ക്ഔട്ട് നോട്ടീസോ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നത് പൊലീസിന്റെ പതിവുരീതിയാണ്. ശാരീരിക പീഡനമുണ്ടായ കേസുകളിൽ പ്രതികളെ കണ്ടെത്താൻ ഇന്റർപോൾ വഴി നോട്ടീസ് നൽകും.

പൊലിഞ്ഞത് 92 ജീവനുകൾ,

ഇനി കടുത്ത ജാഗ്രത

ഏഴ് വർഷത്തിനിടെ 92 സ്ത്രീകളാണ്‌ മരിച്ചത്‌. ക്രൂരമായ മർദ്ദനത്തിനിരയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ്.

ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതകൾക്കെതിരെ ആറുവർഷത്തിനിടെ 28,141കേസുകളാണുണ്ടായത്. ഏറ്റവുമധികം കേസുകൾ കേരളത്തിലാണ്.

''സഹോദരിമാർക്ക് കാര്യങ്ങൾ പറയാനും അത് കേൾക്കാനും പൊലീസിന് വിവരമറിയാനും അയൽക്കൂട്ടസമിതികൾ സഹായിക്കും. ഒരുതരത്തിലുള്ള ഭയവും വേണ്ട, പൊലീസ് ഒപ്പമുണ്ട് ''

-ഐ.ജി അജീതാബീഗം

1091

(24മണിക്കൂറും വിളിക്കാം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA