സേനയുടെ ഭാഗമായവർ 273
പുതുതായി ഒരുങ്ങിയവർ 43
കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസിന്റെ കായികപരിശീലനം യുവാക്കൾക്ക് സേനാ റിക്രൂട്ട്‌മെന്റുകളിലേക്കുള്ള പാലമാകുന്നു. എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ പൊലീസ് ഫ്രണ്ട്ലി കാഡറ്റ് എന്ന ആശയമാണ് യുവാക്കൾക്ക് അനുഗ്രഹമാകുന്നത്. പുതുതായി 43 പേരാണ് സേനയിലേക്കെത്താൻ പോകുന്നത്.
പൊലീസിനെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ മാറ്റിമറിക്കുകയാണ് കണ്ണൂർ പൊലീസ്. ക്രമസമാധാന പാലനത്തിനൊപ്പം സമൂഹത്തിലേക്കും വെളിച്ചം വീശുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പൊലീസ് ഫ്രണ്ട്ലി കാഡറ്റ് പരിശീലനത്തിലൂടെ ഇതിനകം 275 പേർ സേനയുടെ ഭാഗമായിക്കഴിഞ്ഞു. പുതുതായി വിവിധ സേനകളുടെ ഭാഗമാകാൻ ഒരുങ്ങുന്നവർക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ അനുമോദനവും യാത്രയയപ്പും നൽകി.
ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് പദ്ധതി തുടങ്ങിയത്. നിലവിൽ സേനയുടെ ഭാഗമാകാൻ ഒരുങ്ങുന്ന 43 പേരിൽ 23 പേർക്ക് ജോയിനിംഗ് ലെറ്റർ ലഭിച്ചു. ബാക്കിയുള്ളവർ പരീക്ഷ ജയിച്ചു. 17 പേർ പൊലീസിലും മറ്റുള്ളവർ സി.ആർ.പി.എഫ്, ഐ.ആർ.ബി, ബി.എസ്.എഫ് എന്നിവയുടെയും ഭാഗമാകും. പൊലീസ് മൈതാനിയിൽ ട്രാഫിക് എസ്.ഐ പി. രാജേന്ദ്രനാണ് കായിക പരിശീലനം നൽകുന്നത്.
കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ബോധവത്കരിച്ച് ലക്ഷ്യബോധവും സാമൂഹ്യബോധവുമുള്ള പൗരന്മാരായി മാറ്റാനുള്ള അനുയോജ്യ പദ്ധതിയാണിത്. നിരവധിപേരെ വിവിധസേനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ സാധിച്ചുവെന്നത് അഭിമാനനേട്ടമാണ്.
എ.സി.പി ടി.കെ രത്നകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |