
ഇരിട്ടി:ഇടക്കിടെയുണ്ടാകുന്ന മുരൾച്ചയിലും വളർത്തുനായകളെ കൊന്നുതിന്നുന്നതും മൂലം ഭീതിയിലായ ചതിരൂർ നീലായ് പ്രദേശത്ത് വനംവകുപ്പ് ചീഫ് കൺസർവേറ്റർ കെ.എസ്.ദീപയും സംഘവുമെത്തി. ഭീതി ഒഴിയുംവരെ വനംവകുപ്പുദ്യോഗസ്ഥർ മേഖലയിൽ തുടരുമെന്നും പുലിയെ പിടികൂടുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഉറപ്പ് നൽകിയാണ് സംഘം മടങ്ങിയത്.
ആദ്യഘട്ടത്തിൽ കടുവ ഇറങ്ങിയെന്നായിരുന്നു നാട്ടുകാർ ആശങ്കപ്പെട്ടത്.ഇതെ തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിക്കുകയും കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു.ഈ ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കടുവാഭീതി അകന്നത്. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വെളിപ്പടുത്തിയത്. മേഖലയിൽ തിരച്ചിൽ ഊർജ്ജിതപ്പെടുത്താനും സുരക്ഷാമുൻകരുതൽ സ്വീകരിക്കാനുമടക്കമുള്ള നിർദ്ദേശങ്ങൾ മന്ത്രി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ള ഉദ്യോഗസ്ഥർ നീലായ് സന്ദർശിച്ചത്.
ഫെൻസിംഗ് ശക്തിപ്പെടുത്തും
അടിക്കാടുകൾ തെളിക്കും
ചതിരൂർ നീലായ് മേഖലയിൽ തകർന്നു കിടക്കുന്ന ഫെൻസിംഗ് ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് സി.സി.എഫ് ഉറപ്പ് നൽകി. ജനവാസ മേഖലയിലേക്ക് വളർന്ന കാടുകൾ വെട്ടിതെളിക്കാൻ ജനങ്ങളുടെ സഹകരണത്തോടെ അടുത്തദിവസം തന്നെ നടപടി സ്വീകരിക്കാനും ഇവർ നിർദ്ദേശം നൽകി.അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രതീഷ് , ആറളം വന്യജീവി സങ്കേതം വാർഡൻ ജി.പ്രദീപ്,കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രസാദ് എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന സംഘവുമായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചർച്ച നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഇ.സി രാജു, കെ.ടി.ജോസ് , കെ.ബി.ഉത്തമൻ ,പി.കെ.കുഞ്ഞുമൊയ്തീൻ. പുതുപ്പറമ്പിൽ തങ്കൻ, ചുണ്ടൻ തടത്തിൽ ബിനോയ് തുടങ്ങിയവർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |