SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

ഒറ്റ സർജ്ജനില്ല, എൻട്രോളജിസ്റ്റ് ഒന്ന് കണ്ണൂർ ഗവ.മെഡി.കോളേജ് ഗ്യാസ്ട്രോളജി വിഭാഗം നോക്കുകുത്തി

gastro

പരിയാരം: സർക്കാർ ഏറ്റെടുത്തതോടെ നിലവാരം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഗ്യാസ്ട്രോളജി വിഭാഗത്തിലും പ്രതിസന്ധി. ഗ്യാസ് ട്രോ സർജ്ജറിയിൽ ഒറ്റ ഡോക്ടർ പോലുമില്ല. ഗ്യാസ്ട്രോ എന്റോളജിയിലാകട്ടെ ആകെയുള്ള ഡോക്ടർക്ക് മുന്നിലെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനും സാധിക്കാത്ത സ്ഥിതിയാണ്.

ഗ്യാസ്‌ട്രോളജി വിഭാഗത്തിൽ അപ്പോയിന്റ്‌മെന്റ് കിട്ടാൻ തന്നെ വളരെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നാണ് രോഗികൾ തന്നെ പരാതിപ്പെടുന്നത്. അർദ്ധരാത്രി വരെ മുതൽ പുലർച്ചെ വരെ കാത്തുനിന്നാൽ ചിലപ്പോൾ ഒ.പി ടിക്കറ്റ് കിട്ടിയെങ്കിലായി എന്നതാണ് സ്ഥിതി.

നിലവിൽ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ മാത്രമാണ് ആശുപത്രി അധികൃതർ ഒ പി ടിക്കറ്റ് നൽകുന്നത്. ഒ പി യിൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ രോഗികളെയും പരിശോധക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പ്രതിദിനം ശരാശരി പത്തോളം ഒ.പി മാത്രമാണ് അനുവദിക്കുന്നതെന്നാണ് കണക്കുകളെന്ന് വിവരാവകാശ രേഖകൾ വിശദമാക്കുന്നു.

നേരത്തെ മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗം അടച്ചുപൂട്ടിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ കണ്ണൂർ മെഡിക്കൽ കോളേജിലെ മിക്ക വിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനവും ചികിത്സാ സൗകര്യവും പരിതാപകരമായ രീതിയിൽ താഴേക്ക് പോകുകയാണ്.

സർക്കാർ ഏറ്റെടുത്തു; ഗ്രാഫ് താഴോട്ട്

സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ മൂന്നുമാസത്തോളം ഗ്യാസ്‌ട്രോളജി വിഭാഗം ഒരുഡോക്ടർ പോലുമില്ലാതെ പ്രവർത്തനരഹിതമായിരുന്നു. മാർച്ച് 2020 വരെ 6,200 ഓളം രോഗികളെ ചികിത്സിച്ച ഗ്യാസ്‌ട്രോ സർജറി വിഭാഗത്തിൽ സർക്കാർ ഏറ്റെടുത്തതിനുശേഷം ഒരു ഡോക്ടറെ പോലും അനുവദിച്ചിട്ടില്ല. ചികിത്സ വേണ്ടവരെ നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. 2024 ജൂലായ് മുതൽ ഈ ജനുവരി വരെ മാത്രം 2,100 ഓളം രോഗികൾ ഒരു ഡോക്ടർ മാത്രമുള്ള ഗ്യാസ്‌ട്രോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയിട്ടുണ്ട്.

നിലവിൽ ഗ്യാസ്‌ട്രോ വിഭാഗത്തിൽ

ഡോക്ടർ 1

സ്റ്റാഫ്‌ നേഴ്സ് 1

നേഴ്സിംഗ് അസിസ്റ്റന്റ് 2

ക്ലാർക്ക് 1

ഒ.പി ടിക്കറ്റ് ഓൺലൈനിലില്ല

സർക്കാർ ഏറ്റെടുത്തതിനുശേഷം കൂടുതൽ പേർക്ക് ഒ പി യെടുക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇ ഹെൽത്ത് സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് മുൻകൂറായി ഓൺലൈൻ വഴി ഒ.പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം നന്നാക്കിയിട്ടില്ല. സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്യാസ്ട്രോളജി വിഭാഗം ഒ.പിയിൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ രോഗികളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പ്രതിദിനം ശരാശരി പത്തോളം പേർക്ക് മാത്രമേ ഒ പി അനുവദിക്കുന്നുള്ളുവെന്നാണ് എന്ന് കണക്കുകൾ തെളിയിക്കുന്നത്.വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയ്ക്കും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിനും നിവേദനം നൽകിയിട്ടുണ്ട് - എം.വി.ശില്പരാജ്,വിവരാവകാശപ്രവർത്തകൻ,ചെമ്പ്രകാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL