
കണ്ണൂർ:കിഫ്ബി ഫണ്ട് നിലച്ചതോടെ കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി പാതിയിൽ നിലച്ചു.നിലവിൽ എട്ടുമാസത്തോളമായി നിർമ്മാണം പൂർണ്ണമായും നിലച്ച സ്ഥിതിയിലാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആരംഭിച്ച പ്രവൃത്തിയുടെ സ്ട്രക്ചർ ജോലി മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ള സീലിംഗ് പ്രവൃത്തി, ക്യുബിക്കിൾസ്, ഇന്റീരിയർ പ്രവൃത്തികൾക്ക് തുക വകയിരുത്താത്തതാണ് തിരിച്ചടിയായത്.ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കേണ്ട കോർപ്പറേഷൻ കെട്ടിടത്തിന്റെ നിർമ്മാണമാണ് നാലാം വർഷവും പാതിയിൽ നിൽക്കുന്നത്.
കോർപ്പറേഷൻ ഓഫീസ് വളപ്പിൽ 25.74 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയം ഉയരുന്നത്.പ്രവൃത്തി പുനരാരംഭിക്കാൻ മൂന്ന് കോടി നൽകാമെന്ന് കോർപ്പറേഷൻ അറിയിച്ചെങ്കിലും ഏറ്റെടുത്തു നടത്താൻ ആകില്ലെന്ന് കിഫ്ബി അറിയിക്കുകയായിരുന്നു.പ്രവൃത്തി നടത്തുന്ന ഈരാളുങ്കലിന് ഇതുവരെയുള്ള പ്രവൃത്തിയുടെ തുക നൽകാത്തതും പ്രതിസന്ധിയായി.കിഫ്ബിയിൽ ഫണ്ട് നൽകി ഊരാളുങ്കലിനെ കൊണ്ട് തന്നെ പ്രവൃത്തി പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് കോർപ്പറേഷൻ. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട് കണ്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും തുടർ നടപടികളൊന്നുമുണ്ടായിട്ടുമില്ലെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു.2015 ലാണ് പുതിയ ആസ്ഥാനം മന്ദിരത്തിന് തുടക്കം കുറിച്ചത്. പണി തുടങ്ങി 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.എന്നാൽ ഫണ്ടിന്റെ കാലതാമസം കാരണം നിർമ്മാണം അനിശ്ചിത്വത്തിലാകുകയായിരുന്നു.
ഓഫീസ് തുടരുന്നു അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ
നിലവിലെ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മേൽക്കൂരയുടെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ അംഗങ്ങൾ അടർന്നു വീഴുന്നതിനാൽ അലൂമിനിയം ഷീറ്റുകൾ ഉപയോഗിച്ചാണ് മഴക്കാലത്ത് ചോർച്ച തടയുന്നത്.
അഞ്ചുനില കെട്ടിടം
അഞ്ച് നിലകളിലായാണ് കോർപറേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് . ഹരിത ചട്ടങ്ങൾ പാലിച്ച് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലാണ് നിർമ്മാണം. ഭൂമിക്കടിയിൽ രണ്ട് നിലയും ഗ്രൗണ്ട് ഫ്ളോറും മുകളിൽ രണ്ട് നിലയുമായാണ് കെട്ടിടം. ഭൂമിക്കടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിനകത്ത് വാഹന പാർക്കിംഗാണ്. ഗ്രൗണ്ട് ഫ്ളോറിൽ ഓഫീസ് സമുച്ചയം, മുകളിൽ നൂറ് പേർക്ക് ഇരിക്കാൻ സൗകര്യമുള്ള കൗൺസിൽ ഹാൾ, മേയറുടെ ചേംബർ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാർക്കുള്ള റൂമുകൾ, കൗൺസിലർമാർക്ക് ഇരിക്കാനും സന്ദർശകർക്ക് ഇരിക്കാനുള്ള റൂമുകൾ, മിനി കോൺഫറൻസ് ഹാൾ, ചെറുഹാളുകൾ, ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഓഫീസ് കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.
കോർപറേഷൻ ഓഫീസ് നിർമ്മാണം നാലാംവർഷം
5 നില കെട്ടിടം
25.74 കോടി ചിലവ്
2015ൽ നിർമ്മാണ തുടങ്ങി
18 മാസം നിർമ്മാണകാലാവധി
ഫണ്ട് ലഭിച്ചാൽ മാത്രമേ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ .ഇതിനായി സംസ്ഥാന സർക്കാരിനെ നേരിൽ കണ്ട് കത്ത് നൽകിയിട്ടുണ്ട്.
മുസ്ലീഹ് മഠത്തിൽ , മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |