
തൃക്കരിപ്പൂർ: 'കളിയാട്ടം' സിനിമയിൽ കോലധാരിയായി തകർത്തഭിനയിച്ച, സൂപ്പർ സ്റ്റാറും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രാമവില്യം പെരുങ്കളിയാട്ട അരങ്ങിലെത്തിയത് ആവേശം പകർന്നു. സുരേഷ് ഗോപിയെ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും കൈ കൊടുക്കാനുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള ധാരാളം ആരാധകർ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. നിശ്ചയിച്ചതിലും അര മണിക്കൂർ മുമ്പ് രാമവില്യം കഴകത്തിൽ എത്തിയ സുരേഷ് ഗോപിയെ സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ , വർക്കിംഗ് ചെയർമാൻ എം.വി.കുഞ്ഞിക്കോരൻ, ജനറൽ കൺവീനർ പി.വി.കണ്ണൻ, ക്ഷേത്രം പ്രസിഡന്റ് രാഘവൻ , സെക്രട്ടറി ഗംഗാധരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ എന്നിവരുടെ നേതൃത്വത്തിൽ കഴകത്തിലേക്ക് സ്വീകരിച്ചു.ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വന്തം വാഹനത്തിൽ വന്നിറങ്ങിയ കേന്ദ്ര മന്ത്രിയെ, കവാടം മുതൽ ക്ഷേത്ര തിരുമുറ്റം വരെ ആനയിച്ചത് വളണ്ടിയർമാർ കൈകൾ കോർത്തുകെട്ടി അണിനിരന്നായിരുന്നു.
ക്ഷേത്രത്തിനുള്ളിൽ ആചാരസ്ഥാനികരെയും സംഘാടകരെയും തെയ്യക്കാരെയും കോലധാരികളെയും കണ്ടു സംസാരിക്കുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്തു. പ്രധാന ശ്രീകോവിലുകൾക്ക് മുന്നിൽ കൈകൾകൂപ്പി പ്രാർത്ഥിച്ചു. ഭണ്ഡാരപ്പെട്ടിയിൽ കാണിക്കയർപ്പിച്ചു. ക്ഷേത്രത്തിനകത്ത് ആരാധകരുടെയും ഭക്തജനങ്ങളുടെയും തിരക്കിനിടയിൽ അര മണിക്കൂറോളം ചിലവഴിച്ചു. സുരേഷ് ഗോപി അങ്കക്കുളങ്ങര ഭഗവതിയേയും രക്തചാമുണ്ഡിയേയും വണങ്ങി അനുഗ്രഹം വാങ്ങി. തുടർന്ന് ദേവിയുടെ കോലമണിയാൻ പ്രാർത്ഥനയോടെ നോറ്റിരിക്കുന്ന കോലധാരികളെ അദ്ദേഹം അകത്തുപോയി കണ്ടു. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |