
കണ്ണൂർ: 'ഞാൻ മരിച്ചാൽ എന്റെ കണ്ണുകളടയ്ക്കരുത്.. എന്നെ കാണാൻ വരുന്നവരെയെല്ലാം എനിക്ക് കാണണം..' മരിക്കുന്നതിന് മുമ്പ് അക്ഷര അമ്മയോട് പറഞ്ഞ വാക്കുകളാണിത്....' അക്ഷര ഓർമ്മയായിട്ട് രണ്ട് വർഷം തികയാറായെങ്കിലും സുഹൃത്തിന്റെ ഓർമ്മയിൽ 'അക്ഷര' സ്മൃതി എന്ന സൗഹൃദ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ സുഹൃത്തുക്കളും അദ്ധ്യാപകരും. സിവിൽ സർവ്വീസ് മോഹം പാതിവഴിയിൽ ഉപേക്ഷിച്ചുമടങ്ങിയ അക്ഷരയുടെ ജീവിതം മറ്റുള്ളവർക്ക് അത്രമേൽ ഊർജ്ജം പകരുന്നതാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു തെളിയിച്ച അക്ഷര അലിഗഡ് യൂണിവേഴ്സിറ്റിയിൽ എം.എ ആദ്യ സെമസ്റ്റർ പഠിച്ചുകൊണ്ടിരിക്കെയാണ് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്.
പിന്നീടങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നുവെങ്കിലും അക്ഷരയുടെ ആത്മവിശ്വാസം ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു വർഷത്തോളം മംഗളൂരു ആശുപത്രിയിലും തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കണ്ണൂർ പിലാത്തറ വിളയാങ്കോട് കുളപ്പുറം റോഡിലുള്ള ശ്രീനിവാസന്റെയും പി.കെ. അർച്ചനയുടേയും ഏകമകളാണ് അക്ഷര ശ്രീനിവാസൻ.
പഠനത്തിൽ എന്നും മുന്നിൽ
പഠനത്തിൽ എന്നും മുന്നിലായിരുന്നു അക്ഷര. കണ്ണൂർ കൃഷ്ണമേനോൻ കോളേജിൽ ബി.എ മാത്തമാറ്റിക്കൽ ഇക്കണോമിക്സിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്കോടെ വിജയിച്ചു. പി.ജി പഠനത്തിനായി ഉത്തർപ്രദേശിലെ അലിഗഡ് സർവ്വകലാശാല തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ ലെവലിൽ എൻട്രൻസ് എക്സാമിൽ രണ്ടാം റാങ്ക് നേടിയാണ് അലിഗഡ് സർവ്വകലാശാലയിൽ പ്രവേശനം നേടുന്നത്. ചിത്രരചനയിലും കഴിവ് തെളിയിച്ചിരുന്നു. പഠനത്തോടൊപ്പം എഴുത്തും ക്രാഫ്റ്റും ഇഷ്ട വിനോദങ്ങളായിരുന്നു. അമ്മയുടെ കേക്ക് നിർമ്മാണ സംരംഭത്തിലും അക്ഷര പങ്കാളിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |