
കണ്ണൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ കണ്ണൂർ കടുത്ത വരൾച്ചാഭീഷണിയിൽ.പതിവിലും നേരത്തെ ജലക്ഷാമത്തിന്റെ പിടിയിലമർന്ന ജില്ലയുടെ പല ഭാഗങ്ങളും വേനൽ മൂർദ്ധന്യത്തിലെത്തുന്നതോടെ രൂക്ഷമായ പ്രതിസന്ധിയുടെ മുന്നിലാണ്.
മാർച്ചിന് മുമ്പ് തന്നെ ജില്ലയിൽ കഠിനമായ ചൂട് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.പല ഭാഗങ്ങളിലും ഫെബ്രുവരിയിൽ തന്നെ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ തന്നെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം തുടങ്ങേണ്ടിവന്നു . സാധാരണ നിലയിൽ ഏപ്രിൽ ,മേയ് മാസങ്ങളിലാണ് വിതരണം തുടങ്ങാറുള്ളത്.
കോർപ്പറേഷൻ പരിധിയിലെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ചേലോറ, മേച്ചേരി, തട്ടുപറമ്പ് ഭാഗങ്ങളിൽ പല ദിവസവും ജല വിതരണം തടസപ്പെടുന്നതായുള്ള പരാതിയും ഉയരുന്നുണ്ട്. കോർപറേഷനിലെ താരതമ്യേന ഉയർന്ന പ്രദേശങ്ങളാണ് ജലക്ഷാമം നേരിടുന്നത്.
ചേലോറയിൽ സ്ഥിതി രൂക്ഷം
പതിനേഴാം വാർഡായ ചേലോറയിൽ അമൃത് പദ്ധതി വഴിയുള്ള കുടിവെള്ളവിതരണം നിലച്ച് രണ്ടുമാസമായി. തകരാർ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർഡ് കൗൺസിലർ പ്രദീപൻ പറഞ്ഞു. കോർപറേഷൻ അധികൃതരെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. മുൻ വർഷങ്ങളിലും പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇത്ര നേരത്തെ രൂക്ഷമായി അനുഭവപ്പെട്ടിരുന്നില്ലെന്നും വാർഡ് കൗൺസിലർ പറഞ്ഞു.
ഇരുന്നൂറിലധികം കുടുംബങ്ങൾ ജലക്ഷാമം നേരിടുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ ജലവിതരണം. അടുത്ത ദിവസത്തേക്ക് ഉപയോഗിക്കേണ്ട വെള്ളം ശേഖരിച്ച് ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാർ. പൈപ്പ് വഴി വിതരണം ചെയ്യുന്ന വെളളമാണ് ഇവർക്ക് ആശ്രയം. താരതമ്യേന ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് വെള്ളം എത്തുന്നതിന്റെ അളവ് കുറയുന്നു.എന്നാൽ ചേലോറയിലെ ജലക്ഷാമം സംബന്ധിച്ച് വിവരം കോർപറേഷന് ലഭിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞത്.ഇതിനു പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ശുദ്ധജല ലഭ്യത കുറവാണ്. വ്യാപാര സ്ഥാപനങ്ങളും ഭക്ഷണ ശാലകളും പ്രവർത്തിക്കുന്ന ഭാഗങ്ങളിലെ ശുദ്ധ ജലക്ഷാമം പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.
കൊല്ലുന്ന ചൂട്
ഈ വേനലിന്റെ തുടക്കം മുതൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് തന്നെയാണ് ജില്ലയിൽ ജലക്ഷാമം രൂക്ഷമാക്കുന്നതെന്നാണ് ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥരും ഭൂഗർഭജലവകുപ്പ് ഉദ്യോഗസ്ഥരും മുഖ്യകാരണമായി പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 66 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഈർപ്പം നിറഞ്ഞ കാലാസ്ഥയിൽ കാഠിന്യം കൂടി അസ്വസ്ഥത നിറഞ്ഞ ചൂടായാണ് ആളുകൾക്ക് അനുഭവപ്പെടുന്നത്.
ചേലോറയിൽ അമൃത് പദ്ധതിവഴിയുള്ള കുടിവെള്ളവിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല. കോർപറേഷനിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്- കെ.പ്രദീപൻ, വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |