
പാനൂർ (കണ്ണൂർ): പൊയിലൂർ മുത്തപ്പൻ മടപ്പുര മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കും മൂന്ന് സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്യ്ക്ക് രണ്ടുമണിയോടെ മടപ്പുര വയലിൽ വച്ചുണ്ടായ സംഘർഷത്തിൽ സിപി.എം പൊയിലൂർ ലോക്കൽ കമ്മിറ്റിയംഗം ബിജിത്ത് ലാൽ (34) ഡി.വൈ.എഫ് ഐ.മേഖല പ്രസിഡന്റ് ടി.പി.സജീഷ് (38) ആനപ്പാറക്കൽ പ്രഭീഷ് (53) എന്നിവർക്കും
വൈകിട്ട് മൂന്നുമണിയോടെ മടപ്പുരക്കും വടക്കേ പൊയിലൂരിനും ഇടയിൽ പള്ളിച്ചാലിൽ വെച്ചുണ്ടായ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ കൊല്ലമ്പറ്റ ചാലു പറമ്പത്ത് ഷൈജു (40) കൊയാളപ്പിൽ ഷിനോജ് എലാങ്കോട്, മീത്തലെ കഴിപ്പിന്റെവിട കെ.സജീവ്, ഈസ്റ്റ് കൂറ്റേരി , ഇരഞ്ഞി കുളങ്ങര പ്രജിൽ, മേലേ പൂക്കോം, തയിരോത്ത് അനിൽകുമാർ മേനപ്രം എന്നിവർക്കുമാണ് പരിക്കേറ്റത്.
തലയ്ക്ക് ആഴത്തിൽ വെട്ടേറ്റ ഷൈജുവിനെ മഞ്ഞോടി ഇന്ദിര സഹകരണ ആശുപത്രിയിലും ഷിനോജ്, പ്രജിൽ, അനിൽകുമാർ, സജീവ് എന്നിവരെ തലശ്ശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഉത്സവസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന തങ്ങളെ ഒരു സംഘം സിപിഎം അക്രമകാരികൾ ആണ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ആർ.എസ്.എസ് പ്രവർത്തകർ കൊളവല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് സംഘങ്ങൾ രണ്ടിടത്തായി തങ്ങളെ ആക്രമിക്കാൻ പതിയിരുന്നതായും പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകർ പറഞ്ഞു.
അതെ സമയം ഈ അക്രമത്തിന് ഒരുമണിക്കൂർ മുമ്പ് സി.പി.എം ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് നേരെ നടന്ന അക്രമത്തിന് പിന്നിൽ ആർ.എസ് എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അക്രമത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊയിലൂർ മുത്തപ്പൻ മടപ്പുരയിലെ ഉത്സവത്തിന്റെ തുടക്കം മുതൽ പരിസരത്ത് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടലോളം എത്തിയിരുന്നു. പിന്നീട് കലശം വരവ് നടക്കുന്നതിനിടെ വയലിൽ വച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. പ്രവർത്തകർ ആർ.എസ്.എസിന്റെ പ്രകോപനത്തിൽപ്പെട്ടു പോകരുതെന്ന് സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡി.ഐ.ജി യതീശ് ചന്ദ്ര, പൊലീസ് കമ്മീഷണർ നിതിൻരീജ്, കൂത്തുപറമ്പ് എ.സി.പി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പൊയിലൂർ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |