SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

അന്ത്യാഞ്ജലിയർപ്പിച്ച് നാട്; വിട പറഞ്ഞത് മറുത്തുകളിയിലെ മഹാമേരു

panicker

കരിവെള്ളൂർ : നീണ്ട അറുപത്തിരണ്ട് വർഷത്തെ സപര്യയിലൂടെ മറുത്തുകളിയിൽ മഹാമേരു തുല്യമായ തലയെടുപ്പോടെ നിന്ന കുണിയൻ വി.പി.ദാമോദരപണിക്കർ മണ്ണിലേക്ക് മടങ്ങി. കാവ്യനാടകാലങ്കാരാദി കലകളിലും വ്യാകരണത്തിലും വേദ,​വേദാന്തങ്ങളിലും ജ്യോത്സ്യത്തിലും തർക്ക വ്യാകരണങ്ങളിലും എതിരാളികളില്ലാതിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം നൂറുകണക്കിന് ശിഷ്യന്മാരുടെയും ക്ഷേത്രേശന്മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ കുണിയനിലെ സമുദായശ്മശാനത്തിൽ നടന്നു.

രാവിലെ 9 മണി മുതൽ ഓണക്കുന്ന് പാലത്തരയിലെ വീട്ടിലായിരുന്നു പൊതുദർശനം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗങ്ങളിലെ പ്രമുഖർ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.

ടി.ഐ മധുസൂദനൻ എം.എൽ.എ,കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഡോ.കെ.കെ.എൻ.കുറുപ്പ്, ടി.വി.രാജേഷ്, ഡോ.വി.പി.പി.മുസ്തഫ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.സംസ്‌കാരത്തിനു ശേഷം ചേർന്ന അനുശോചന യോഗത്തിൽ ചന്തേര നാരായണൻപണിക്കർ അദ്ധ്യക്ഷത വഹിച്ചു.മടിക്കൈ ഗോപാലകൃഷ്ണ പണിക്കർ , വിജയൻ മാസ്റ്റർ, രവീന്ദ്രൻ, പിലാക്ക അശോകൻ ,രാജീവൻ പണിക്കർ ,സനേഷ്, വിപിൻ പണിക്കർ ,പ്രമോദ് മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.കമലാക്ഷൻ പണിക്കർ സ്വാഗതം പറഞ്ഞു.

മറുത്തുകളി പന്തലിലെ സവ്യസാചി

മലയാളക്കരയിൽ പ്രൗഢിയോടെ ഇന്നും സജീവമായി വാക്യാർത്ഥസദസായി നിലനിൽക്കുന്ന മറുത്തുകളിയിൽ എയ്ത അസ്ത്രങ്ങളൊന്നും പാഴാക്കാത്ത സവ്യസാചിയായിരുന്നു വി.പി.ദാമോദരപ്പണിക്കരെന്ന് ശിഷ്യന്മാരിൽ പ്രമുഖനായ മടിക്കൈ ഗോപാലകൃഷ്ണപ്പണിക്കർ പറയുന്നു.ഗുരുനാഥൻ ഒരു സമയത്ത് പ്രീയങ്കരനും ഭയങ്കരനുമാണെന്ന് പന്തലിൽ എതിരിട്ട മറുത്തുകളി പണ്ഡിതരിലെ പ്രമുഖർ തന്നെ സാക്ഷ്യപ്പെടുത്തിയതായും അദ്ദേഹം പറയുന്നു.എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും കൊള്ളുമ്പോൾ ഒരു കോടിയുമാകുന്ന അത്ഭുതവിദ്യയായിരുന്നു ദാമോദരപ്പണിക്കരുടെ വാക്യാർത്ഥവിചാരം.

വാക്യാർത്ഥസദസുകളിൽ വിട്ടുവീഴ്ച എന്ന ഒന്ന് ഇല്ലാത്ത മനീഷിയായിരുന്നു ദാമോദരപ്പണിക്കരെന്ന് മറുത്തുകളി പണ്ഡിതർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. പറഞ്ഞ് ഒഴിയാൻ ശ്രമിച്ചാലും വിടാതെ നിലംപരിശാക്കുന്ന തർക്കരീതിയായിരുന്നു പതിനാലുമുതൽ എൺപതു വയസുവരെ നീണ്ട ആ സപര്യയിൽ ഉടനീളം ദാമോദരപ്പണിക്കർ അവലംബിച്ചത്. കാവ്യനാടകാദികളിലെ അപാരമായ അവഗാഹം സന്ദർഭോചിതമായി പ്രയോഗിക്കുമ്പോൾ പലപ്പോഴും അദ്ധ്യക്ഷന്മാരുടെ ഇടപെടലാണ് എതിരാളികളെ രക്ഷിച്ചെടുത്തിട്ടുള്ളത്. അവസാനകാലത്ത് ഇതെ മേഖലയിലെ മറ്റൊരു യശ്ശസ്തംഭമായ പി.പി.മാധവപ്പണിക്കരുമായി നീലേശ്വരം പള്ളിക്കര പാലേരെകീഴിൽ ക്ഷേത്രത്തിൽ നടന്ന കളി സമീപകാലത്ത് മറുത്തുകളിയിലുണ്ടായ ആഴമേറിയ വാക്യാർത്ഥസദസുകളിലൊന്നായിരുന്നു.സംസ്കൃത ഭാഷയിലെ അസാമാന്യമായ അറിവും അദ്ദേഹത്തെ മുന്നിലെത്തിച്ചു.ഗഹനമായ ശ്ളോകങ്ങളെ സാമാന്യജനത്തിന് മനസിലാകുന്ന ലാളിത്യത്തോടെയായിരുന്നു അദ്ദേഹം മറുത്തുകളിൽ പ്രയോഗിച്ചിരുന്നത്. ശിഷ്യരോട് വലിയ വാത്സല്യം സൂക്ഷിച്ച പണിക്കർ തന്റെ അറിവ് പകരുന്നതിനായി എത്ര നേരം വേണമെങ്കിലും നീക്കിവെക്കുമായിരുന്നു.

മാടമ്പിനെ തിരുത്തിയ മഹാ മനീഷി

മറുത്തുകളി വാക്യാർത്ഥസദസ് എന്ന നിലയിൽ വാഴ്തപ്പെടേണ്ടതല്ലെന്ന പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ സാക്ഷാൽ മാടമ്പ് കുഞ്ഞുക്കുട്ടന്റെ പ്രസ്താവനയെ സംവാദത്തിലൂടെ തന്നെ തിരുത്തിച്ച ചരിത്രം വി.പി.ദാമോദരപ്പണിക്കർക്കും പി.പി.മാധവപ്പണിക്കർക്കുമുണ്ട്. മാടമ്പിന്റെ പ്രസ്താവന കേരളകൗമുദിയിലൂടെ അറിഞ്ഞ മറുത്തുകളി പണ്ഡിതസമൂഹം പ്രതിഷേധിച്ചിരുന്നു.കാലിക്കടവ് കരക്കക്കാവിലെ ഓഡിറ്റോറിയത്തിൽ കേരളകൗമുദി സംഘടിപ്പിച്ച സംവാദത്തിൽ മാടമ്പിനെ മുന്നിലിരുത്തി ദാമോദരപ്പണിക്കരും മാധവപ്പണിക്കരും ഡോ.ഇ.ശ്രീധരനും അടക്കമുള്ള പണ്ഡിതസമൂഹം അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുകയായിരുന്നു. ഒടുവിൽ തന്റെ മുൻ അഭിപ്രായം തിരുത്തി മറുത്തുകളിയെ പോലെ ഇത്രയും ആഴമേറിയ വാക്യാർത്ഥസദസ് കേരളത്തിൽ ഒരിടത്തും നടക്കുന്നില്ലെന്ന അഭിപ്രായത്തോടെയാണ് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL