SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കെ സ്മാർട്ട് പദ്ധതിയും കെ സ്മാർട്ട് മൊബൈൽ ആപ്പും 'ആപ്പിലായി' നഗരസഭകളുടെ ബഡ്ജറ്റ്‌

ksmart

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാ കെ സ്മാർട്ട് പദ്ധതിയും കെ സ്മാർട്ട് മൊബൈൽ ആപ്പും 2024 ജനുവരി മുതൽ നിലവിൽ വന്നതോടെ നഗരസഭ ബഡ്ജറ്റ് അവതരണം ആപ്പിലായി.

നഗരസഭകൾ ബഡ്ജറ്റ് തയ്യാറാക്കി കണക്കുകൾ മുഴുവൻ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്ത് മുൻകൂർ അനുമതി വാങ്ങിയ ശേഷം പ്രിന്റ് എടുത്ത് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കണമെന്നാണ് നിർദേശം .എന്നാൽ കെ സ്മാർട്ട് അപ്‌ലോഡ് എങ്ങനെ ചെയ്യണമെന്ന നിർദ്ദേശം നഗരസഭകളിൽ എത്തിയിട്ടില്ല.ഓരോ ദിവസവും പുതിയ ഹെഡുകൾ പരിചയപ്പെടുത്തി കൊണ്ടിരിക്കുന്നതുകാരണം ഏത് ഹെഡിലാണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പവും ഉദ്യോഗസ്ഥർക്കുണ്ട്. പുതിയ സോഫ്റ്റ് വെയർ ആയതിനാൽ അപ്‌ലോഡിംഗ് എളുപ്പമല്ലെന്നും പരാതി നിലനിൽക്കുന്നുണ്ട്.

അവസാന ആഴ്ചയിലേക്ക് മാറ്റി നഗരസഭകൾ

ജില്ലാ പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ഏതാണ്ട് ബഡ്ജറ്റ് അവതരണം പൂർത്തിയാക്കിയെങ്കിലും നഗരസഭകൾ പലതും മാർച്ച് അവസാനത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. സാങ്കേതിക പിഴവുകൾ തുടർന്നാൽ വരവ് ചിലവ് കണക്കുകൾ മാത്രം മാനുവലായി തയ്യാറാക്കി അവതരിപ്പിച്ച് പിന്നീട് കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്യാനാണ് ചില നഗരസഭകൾ ആലോചിക്കുന്നത്.

കെ.സ്മാർട്ടിൽ സേവനം വിരൽതുമ്പിൽ

കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം വിരൽത്തുമ്പിൽ ലഭ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യഘട്ടം കെ സ്മാർട്ട് വിന്യസിച്ചത്. ഏപ്രിൽ ഒന്നിന് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവും.പഞ്ചായത്ത് ജീവനക്കാർക്ക് ഇതിനായി മൂന്ന് മാസത്തെ പരിശീലനം നൽകിവരികയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്.

സുതാര്യമാകും

കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ, അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇമെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ജനങ്ങൾക്കുള്ള വിവിധങ്ങളായ സേവനം ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലഭ്യമാക്കുകയാണ് കെസ്മാർട്ട് പദ്ധതി. ഓഫീസുകൾ കയറിയിറങ്ങാതെ കെ സ്മാർട്ട് സംവിധാനം വഴി സേവനങ്ങൾ ലഭിക്കുകയാണ്. ബഡ്ജറ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ അല്പം പ്രയാസങ്ങൾ നേരിട്ടാലും കൂടുതൽ ഫലപ്രദമാണ് ഈ സംവിധാനം.

കെ. വി സുജാത ( കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ)


കെ സ്മാർട്ട് പദ്ധതി നടപ്പിലാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ നിർദ്ദേശങ്ങൾ ഒന്നും ലഭിക്കാത്തത് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.ബഡ്ജറ്റ് തയ്യാറാക്കുന്നതിന് പുതിയ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുമ്പോൾ കൃത്യമായ നിർദേശങ്ങൾ നൽകാത്തത് പ്രയാസകരമാണ്.

അബ്ബാസ് ബീഗം ( കാസർകോട് നഗരസഭ ചെയർപേഴ്സൺ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSMART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL