
മട്ടന്നൂർ:പ്രായപൂർത്തിയാകാത്ത നാലാംഗ വിദ്യാർത്ഥികളുടെ സവാരിക്കിടെ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെ പാലയോട് കനാൽക്കരയിൽ വച്ച് നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്.
മട്ടന്നൂർ പണിച്ചിപ്പാറ സ്വദേശികളായ പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികളാണ് രക്ഷിതാക്കൾ അറിയാതെ കാറുമായി സവാരിക്ക് ഇറങ്ങിയത്. പണിച്ചിപ്പാറയിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരമുള്ള അഞ്ചരക്കണ്ടി-വിമാനത്താവള റോഡിലെ വളയാലിൽ പോയി തിരിച്ച് പണിച്ചിപ്പാറ ഭാഗത്തേത്ത് പോകുന്നതിനിടെയാണ് അപകടം. പാലയോട് കനാലിന് മുകളിലൂടെയുള്ള റോഡിൽ വച്ച് നിയന്ത്രണം വിട്ട കാർ നേരെ കനാലിലേക്ക് മറിയുകയായിരുന്നു. ബ്രെക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
കാർ ഓടിച്ചത് ഒൻപതാംക്ളാസുകാരൻ
കനാലിൽ വീണ ശേഷവും കാർ മുന്നോട്ട് നീങ്ങിയെന്ന് ദൃക് സാക്ഷികൾ പറയുനനു. കനാലിലെ നടപ്പാലത്തിന്റെ തൂണിലിടിച്ച കാർ ഒരു വശം ചെരിഞ്ഞ ശേഷമാണ് ഓഫായത്. കാർ ഓടിച്ചത് ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി യാണെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരും ഇയാളെക്കാൾ പ്രായം കുറഞ്ഞവരാണെന്നും വിവരമുണ്ട്. പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന് സാരമായ കേടുപാടുണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |