കണ്ണൂർ: സൈറൺ മുഴങ്ങി... ശരവേഗത്തിൽ ഫയർ ഫോഴ്‌സും പൊലീസും ആംബുലൻസും രക്ഷപ്രവർത്തകരും പാഞ്ഞെത്തി... തകർന്ന കെട്ടിടത്തിൽ ഉള്ളവരെ അതിസാഹസികമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക്...
കണ്ണൂരിലെ മോക്ഡ്രില്ലിന്റെ ഭാഗമായി നടന്ന 'ഓപ്പറേഷൻ അഭ്യാസ്' മികവുറ്റതായിരുന്നു. വ്യോമാക്രമണത്തിന് ശേഷമുള്ള റെസ്ക്യൂ പ്രവർത്തനങ്ങളെ പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ കണ്ണൂർ താലൂക്ക് തല മോക്ഡ്രിൽ സെന്റ് തെരേസാസ് സ്കൂളിലാണ് നടന്നത്. യുദ്ധസാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന മോക്ഡ്രില്ലുകളുടെ ഭാഗമായാണ് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചത്.
സെന്റ് തെരേസ സ്കൂളിൽ ഇന്നലെ വൈകുന്നേരം കൃത്യം നാലിന് തുടങ്ങിയ മോക്ഡ്രില്ലിൽ ഫയർഫോഴ്സും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ആരോഗ്യ പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പങ്കാളികളായി. വ്യോമാക്രമണത്തിൽ കെട്ടിടങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ. തകർന്ന കെട്ടിടങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയും അവർക്ക് വേണ്ട ശുശ്രൂഷകൾ നൽകി ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്നതും പരിചയപ്പെട്ടു.
തഹസിൽദാർ എം.കെ മനോജ് കുമാർ ഇൻസിഡന്റ് കമാന്റന്റും ഡെപ്യൂട്ടി തഹസിൽദാർ ഫൈസൽ വള്ളിയോട്ട് ചാർജ് ഓഫീസറുമായി. ആക്രമണങ്ങൾ ഉണ്ടാകുകയാണെങ്കിൽ രക്ഷപ്രവർത്തനത്തിനും മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ജനങ്ങളെ സജ്ജമാക്കുകയാണ് മോക്ഡ്രിൽ കൊണ്ട് ഉദ്ദേശിച്ചത്. പൊതു സ്ഥലങ്ങളിൽ സൈറൺ മുഴങ്ങിയത് ശത്രുരാജ്യത്തിന്റെ ആക്രമണമുണ്ടായാൽ മുഴക്കുന്ന സൈറണുകൾക്ക് സമാനമായിരുന്നു.
1971ൽ ആണ് ഇതിനു മുന്നേ രാജ്യവ്യാപകമായി മോക്ഡ്രില്ലുകൾ നടന്നത്. ഡെപ്യൂട്ടി തഹസിൽദാർ ടി.പി സമീർ, ജില്ല ഫയർഫോഴ്സ് ഓഫീസർ എസ്.കെ ബിജു മോൻ,സ്റ്റേഷൻ ഓഫീസർ ടി. അജയൻ, സിവിൽ ഡിഫെൻസ് കോസ്റ്റ് വാർഡൻ കെ ഷൈമ എന്നിവരും ഡ്രില്ലിന്റെ ഭാഗമായി പങ്കെടുത്തു. ഓപ്പറേഷൻ അഭ്യാസിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും റസ്‌പോൺസിബിൾ ഓഫീസറും ജില്ലാ കളക്ടറുമായ അരുൺ കെ. വിജയൻ മേൽനോട്ടം വഹിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പയ്യന്നൂർ റവന്യു ടവർ, തളിപ്പറമ്പ് എൽ.ഐ.സി ഓഫീസ്, തലശേരി കണ്ണിച്ചിറ ഗാർഡൻസ് അപ്പാർട്ട്മെന്റ്, ഇരിട്ടി താലൂക്ക് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും മോക്ഡ്രിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |