SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

മാറിയും മറിഞ്ഞുംസുധാകരൻ ഇഫക്ട്; പ്രതിഷേധം, ആഘോഷം,​അനിശ്ചിതത്വം... ഒടുവിൽ അനുനയവഴിയിൽ

sudhakaran

കണ്ണൂർ: കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ മാറിയും മറിഞ്ഞും വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെയാണ് ഇന്നലെ കണ്ണൂ‌രിലെ കോൺഗ്രസ് പ്രവർത്തർ കടന്നുപോയത്.എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയുടെ കർശനമായ നിലപാടിനെ തുടർന്ന് പ്രധാന നേതാക്കളെ വിളിച്ച് സുധാകരൻ കടുത്ത ഭാഷയിൽ തുടർനീക്കം സംബന്ധിച്ച് സൂചന നൽകിയതോടെയാണ് അണികൾ ഡി.സി.സി ഓഫീസിൽ എത്തി പ്രതിഷേധിച്ചത്.

സാഹചര്യം സങ്കീർണമായതോടെ മുതിർന്ന നേതാവ് എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ആദ്യ ട്വിസ്റ്റുണ്ടായി. ടി.ഒ.മോഹനന് പകരം കെ.സുധാകരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്ത ചാനലുകൾ ബ്രേക്ക് ചെയ്തതോടെ പ്രവർത്തകരുടെ പ്രതിഷേധം ആഹ്ളാദപ്രകടനത്തിലേക്ക് മാറി.പടക്കംപൊട്ടിച്ചായിരുന്നു ആഘോഷം. കണ്ണൂരിന്റെ പടക്കുതിരേ, കണ്ണേ കരളേ കെ.എസേ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂരിൽ സുധാകരൻ അനുനായികൾ ശക്തമായ പ്രതിഷേധത്തിലായിരുന്നു.

സീറ്റ് ഉറപ്പിച്ചെന്ന രീതിയിലുള്ള പ്രചാരണത്തിന് പിന്നാലെ കണ്ണൂരിൽ ഇറങ്ങുന്ന സുധാകരനെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാനുള്ള ആലോചനയും ഇതിനിടയിൽ തുടങ്ങിയിരുന്നു. എന്നാൽ വൈകുന്നേരമാകുമ്പോഴേക്കും നേരത്തെ തയ്യാറാക്കിയ പട്ടിക മാറ്റേണ്ടതില്ലെന്ന തരത്തിലുള്ള പ്രചാരണവും ഉയർന്നുവന്നു.ഇതിനിടയിൽ ടി.ഒ മോഹനനോട് പ്രവർത്തനം തുടങ്ങാൻ നേതൃത്വം നിർദ്ദേശം നൽകിയെന്ന വിവരവും പുറത്തുവന്നു. വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മാദ്ധ്യമങ്ങളോട് പാർട്ടി പറഞ്ഞാൽ മാത്രമെ മത്സരത്തിനുള്ളുവെന്ന നിലപാടിൽ സുധാകരൻ എത്തിയിരുന്നു.

പാർട്ടി തന്നെക്കാൾ വലുതാണെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ യു.ഡി.എഫിന് ആശ്വാസം പകർന്നു. ഇതോടെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വമാണ് അവസാനിച്ചത്.

ഭാരവാഹികളുടെ യോഗത്തിൽ വാക്കേറ്റം
സുധാകരന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്ന വിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആഹ്ളാദപ്രകടനം നടത്തുമ്പോൾ കണ്ണൂർ ഡി.സി.സി ഓഫിസിൽ രണ്ട് ബ്ലോക്ക് കമ്മിറ്റികളുടെയും പത്ത് മണ്ഡലം കമ്മിറ്റികളുടേയും ഡി.സി.സിയുടെയും ഭാരവാഹികളുടെ യോഗം നടക്കുകയായിരുന്നു. ഈ യോഗത്തിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സുധാകരൻ പക്ഷവും മറ്റ് വിഭാഗവും തമ്മിൽ വലിയ വാക്കേറ്റവുമുണ്ടായി. ഹൈക്കമാൻഡിന്റെ തീരുമാനത്തെ വെല്ലുവിളിക്കുന്നത് അംഗീകരിക്കല്ലെന്നാണ് എതിർ വിഭാഗത്തിന്റെ വാദം. വാക്കേറ്റത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമ പ്രവർത്തകരെ ഓഫിസിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL