SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

കണ്ണൂരിൽ കരുതലോടെ സി.പി.എം കണക്ക്  തെറ്റിക്കാൻ വിമതർ

cpm

കണ്ണൂർ: പാർട്ടിയുടെ അടിയുറച്ച നേതൃനിരയിൽ നിന്ന് മറുപക്ഷത്തേക്ക് എത്തിയവരെ എതിരിടുകയാണ് കണ്ണൂരിലെ സി.പി.എം ഇക്കുറി. പയ്യന്നൂരിലും തളിപ്പറമ്പിലും ദശാബ്ദങ്ങൾ പാർട്ടിക്കായി ഉഴിഞ്ഞുവച്ച മുൻ നേതാക്കളാണ് എതിരാളികൾ.അതുകൊണ്ടുതന്നെ ഇവിടെ വെറും ജയം നേടേണ്ട ഇടങ്ങളായല്ല പാർട്ടി കണക്കാക്കിയിട്ടുള്ളത്.

2021ൽ പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ നേടിയ ഭൂരിപക്ഷം 49,780. 2024 ലോക‌സഭ തിരഞ്ഞെടുപ്പിൽ ലീഡ് 13,257 ആയി ഇടിഞ്ഞു . തദ്ദേശ തിരഞ്ഞെടുപ്പിൽ 34,807 ആയി തിരിച്ചുവന്നത് ആശ്വാസകരമായെങ്കിലും വിമതൻ പാർട്ടിയുടെ പാളയത്തിൽ നിന്ന് വലിച്ചെടുക്കുന്ന വോട്ടുകൾ വലിയ വെല്ലുവിളിയാണ്.
തളിപ്പറമ്പിൽ ചിത്രം ഇതിലും ഗൗരവമുള്ളതാണ്. 2021ൽ എം.വി. ഗോവിന്ദൻ 22,689 വോട്ടിനാണ് ജയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 8,787 വോട്ടിന് മുന്നിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും 2,116 വോട്ടിന് യു.ഡി.എഫ് മുന്നിലായിരുന്നു. എന്നാൽ സി.പി.എം എതിരില്ലാതെ ജയിച്ച ആന്തൂരിലെ വോട്ട് ചേരുമ്പോൾ യു.ഡി.എഫ് പിന്നോട്ടുപോകും.ഇവിടെയാണ് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ പാർട്ടിയിൽ നിന്ന് വോട്ട് സമാഹരിക്കുന്നത് അപകടം വിതക്കുന്നത്.


ബന്ധമാണ് തന്ത്രം
നാൽപതു വർഷം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ പ്രവർത്തിച്ച വി.കുഞ്ഞിക്കൃഷ്ണന് മണ്ഡലത്തിലെ ഭൂരിഭാഗം സി.പി.എം പ്രവർത്തകരെയും നേരിട്ടറിയാം. ആ പരിചയം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ തന്നെ സി.പി.എം വർക്കർമാരുടെ വീടുകളിൽ സ്ഥാനാർത്ഥി കയറിയിറങ്ങി. ഫോൺ വഴിയുള്ള ഓപ്പറേഷനുമുണ്ട്.സോഷ്യൽ മീഡിയ ഗ്രൂപ്പും സജീവമാണ്. ഫണ്ട് തിരിമറി സംബന്ധിച്ച് വി.കുഞ്ഞികൃഷ്ണൻ കൃതി ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ഇതിൽ നിന്നുള്ള വരുമാനം പ്രചാരണ ചെലവിനാണ് ഉപയോഗിക്കുന്നത്..
തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിലുള്ള അണികളുടെ പ്രതിഷേധം പ്രയോജനപ്പെടുത്തിയാണ്. രണ്ടു മണ്ഡലങ്ങളിലും ഭീഷണിയുടെ ആഴം മനസ്സിലാക്കിയ സി.പി.എം. നേതൃത്വം ജാഗ്രതയിലാണ്. കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, അണികളുടെ പിന്തുണയുള്ള നേതാവ് പി.ജയരാജൻ തുടങ്ങി ഉന്നത നേതൃത്വം ഇരു മണ്ഡലങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. വിമത അനുഭാവം പ്രകടിപ്പിച്ചവരെ കണ്ടെത്തി അനുനയിപ്പിക്കുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL