കണ്ണൂർ: കണ്ടൽക്കാടുകളെ സംരക്ഷിച്ച് നാടിന് മാതൃകയാവുകയാണ് മോറാഴ സ്വദേശിനിയും സർ സയ്യിദ് കോളേജ് ബോട്ടണി വകുപ്പ് മേധാവിയുമായ ഡോ. പി. ശ്രീജ. കണ്ണൂരിന്റെ കണ്ടൽ വനിതയായി അറിയപ്പെട്ട ഡോ. ശ്രീജ 2005ൽ കണ്ടൽ സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ് നേടിയത്.
ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കീഴിൽ 'മാജിക്കൽ മാൻഗ്രൂവ്സ്' പദ്ധതിക്ക് നേതൃത്വം നൽകിയ ശ്രീജ ക്ലബ്ബുകൾ, വായനശാലകൾ എന്നിവ വഴി പൊതുജനങ്ങളിൽ വലിയ രീതിയിൽ ബോധവത്കരണവും നടത്തി. കണ്ടൽ വിത്തുകളുടെ ശേഖരണത്തിനും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകി. പരിസ്ഥിതി പ്രവർത്തനങ്ങളെ മുൻനിർത്തി 2024ൽ ദക്ഷിണേന്ത്യയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്‌കാരവും ലഭിച്ചു.
അദ്ധ്യാപന രംഗത്തെയും പരിസ്ഥിതി രംഗത്തെയും മികവിന് 2022ൽ മികച്ച കോളേജ് അദ്ധ്യാപികയ്ക്കുള്ള സംസ്ഥാനതല പ്രൊഫസർ എം. മുരളീധരൻ അവാർഡ് ഡോ. ശ്രീജയ്ക്ക് ലഭിച്ചിരുന്നു. ആകാശവാണി, ദൂരദർശൻ എന്നിവയിലെ കാർഷികപരിസ്ഥിതി ചർച്ചകളിലും അവർ സ്ഥിരം സാന്നിദ്ധ്യമാണ്. കുറുമാത്തൂർ പഞ്ചായത്തിന്റെ ജൈവവൈവിദ്ധ്യ രജിസ്റ്റർ (പി.ബി.ആർ) തയാറാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
6000 കണ്ടൽ തൈകൾ ഉത്പാദിപ്പിച്ച് മാതൃക
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഡോ. ശ്രീജയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സർ സയ്യിദ് കോളേജിലെ കണ്ടൽ നഴ്സറി വേറിട്ട പ്രവർത്തനങ്ങളിലൊന്നാണ്. പ്രതിവർഷം ഈ നഴ്സറിയിൽ 6000 കണ്ടൽ തൈകളാണ് ഉത്പാദിപ്പിക്കുന്നത്. വിത്തുകൾ ശേഖരിക്കുന്നത് മുതൽ പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നതും അവയെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഡോ. ശ്രീജയുടെ നേരിട്ടുള്ള മേൽനോട്ടമുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി വിദ്യാർത്ഥികളുടെയും വിവിധ പഞ്ചായത്തുകളുടെയും സഹകരണത്തോടെ വ്യത്യസ്ത സ്ഥലങ്ങളിൽ ശാസ്ത്രീയമായി കണ്ടൽ നട്ടുപിടിപ്പിക്കാനും അത് സംരക്ഷിക്കാനും ഈ നഴ്സറിയിലൂടെ സാധിക്കുന്നു. സർസയ്യിദ് കോളേജിൽ 'മാൻഗ്രൂവ് നഴ്സറി മാനേജ്‌മെന്റ്' എന്ന അഡ്ഓൺ കോഴ്സിനും അവർ തുടക്കമിട്ടു. ആദ്യ ബാച്ചിൽ 32 വിദ്യാർത്ഥികളാണ് കോഴ്സ് പൂർത്തിയാക്കിയത്. കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് കണ്ടൽ പരിസ്ഥിതിയെ അടുത്തറിയാൻ വലിയൊരു അവസരമാണ് ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |