
ഇരിട്ടി: കനാലിൽ വൻ ഗർത്തം രൂപപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ കാലവർഷം മുതൽ പ്രവർത്തനം നിർത്തിവെച്ച ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്ന് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ധാരണ. വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപണികൾ നടത്തി നിർത്തിവെച്ച ഉത്പാദനം പുനരാരംഭിക്കുവാനുള്ള നിർദ്ദേശം അധികൃതർക്ക് നൽകി.
എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയതോടെ പദ്ധതി പ്രദേശത്ത് തന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽ നിന്നും പരാതി കേട്ടു. ഓരോരുത്തരുടേയും പരാതികൾ വിശദമായി കേട്ട മന്ത്രി ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ഉത്പാദനം പുനരാരംഭിക്കേണ്ടതും പ്രധാനമാണെന്ന് യോഗത്തെ ധരിപ്പിച്ചു.
ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് മുടങ്ങിക്കിടന്ന വീട്ടു വാടക പുനഃസ്ഥാപിച്ച് നൽകാൻ ചർച്ചയിൽ തീരുമാനിച്ചു. കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിൽ ആയ ആറോളം കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. ഇവരുടെ ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുനരാരംഭിക്കുവാനും മന്ത്രി നിർദേശം നൽകി.
കനാലിലൂടെ ജലം ഒഴുക്കി വിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെയ്‌സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിസ് ടി. മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്‌സി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് പോൾ, ബിന്ദു ഷാജി, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |