കൊട്ടിയൂർ: വാദ്യങ്ങളുടെയും ഹരി ഗോവിന്ദ വിളികളുടെയും അകമ്പടിയോടെ തുളസിക്കതിർ മൂടിയ സ്വയംഭൂവിഗ്രഹത്തെ ആലിംഗനം ചെയ്‌ത് കൊട്ടിയൂർ പെരുമാളിന് സവിശേഷമായ പൂജ. കുറുമാത്തൂർ ഇല്ലത്തെ മൂത്തകാരണവർ നായ്ക്കൻ സ്ഥാനികൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി അർപ്പിച്ചത്. ശനിയാഴ്ച മണത്തണയിലെ ആക്കൽ തറവാട്ടിലെത്തിയ സ്ഥാനികനെ ആചാരപൂർവം സ്വീകരിച്ചു. അവിടെ വിശ്രമിച്ച അദ്ദേഹം ഇന്നലെ രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊട്ടിയൂരിലെത്തിയത്. തേടൻ വാര്യരുടെ നേതൃത്വത്തിൽ സ്ഥാനികനെ സ്വീകരിച്ചാനയിച്ചു. ആക്കൽ കൈയാലയിൽ വിശ്രമിച്ച സ്ഥാനികൻ പുഷ്‌പാഞ്ജലിക്ക് സമയമായതോടെ തീർത്ഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തി. ഉഷ കാമ്പ്രം കൈപിടിച്ച് മണിത്തറയിൽ കയറ്റിയിരുത്തി. പനയൂരും പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികർമ്മികളായി ഉണ്ടായിരുന്നു.
തുളസിക്കതിരുകളും ജലവും കൊണ്ട് പൂജ ചെയ്ത ശേഷം നമ്പൂതിരിപ്പാട് സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു. പുഷ്പാഞ്ജലി കഴിഞ്ഞ് മണിത്തറയിൽ നിന്ന് ഇറങ്ങി, ഭണ്ഡാരം പെരുക്കി തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്ത് പ്രസാദവും വാങ്ങി കുറുമാത്തൂർ സ്ഥാനികൻ മടങ്ങി.
ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് ഉഗ്രകോപിയായി മുച്ചൂടും മുടിക്കുന്ന പരമേശ്വരനെ മഹാവിഷ്ണു മുറുകെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ച് താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭത്തെ അനുസ്മരിപ്പിക്കുന്നതാണ് രോഹിണി ആരാധനാ നാളിൽ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി.
രോഹിണി ആരാധനാ ദിനമായതിനാൽ ആലിംഗന പുഷ്പാഞ്ജലിക്ക് ശേഷം ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടായിരുന്നു. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃതഭിഷേകവും കളഭാഭിഷേകവും നടന്നു.
ഇതോടെ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളും പൂർത്തിയായി. നാല് ചതുശ്ശതങ്ങളിൽ ആദ്യത്തെ വലിയ വട്ടളം പായസം നിവേദ്യമായ തിരുവാതിര ചതുശ്ശതം നാളെ തിരുവാതിര നാളിൽ ഭഗവാന് സമർപ്പിക്കും.
ഇന്നലെ അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്. പൊലീസിന്റെ ട്രാഫിക്ക് നിയന്ത്രണങ്ങൾ മൂലം കാര്യമായ ഗതാഗതക്കുരുക്കില്ലാതെ ഭക്തർക്ക് കൊട്ടിയൂരിൽ വന്ന് മടങ്ങാൻ കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |