SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.16 AM IST

കന്നുകാലികളെ പിടിച്ചുകെട്ടാൻ കണ്ണൂർ കോർപറേഷൻ

cow
കന്നുകാലി ശല്യം സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ മാർച്ച് 9ന് പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: മാസങ്ങളായി കണ്ണൂർ നഗരത്തിൽ തുടരുന്ന കന്നുകാലി ശല്യത്തിന് നടപടിയുമായി കോർപറേഷൻ രംഗത്ത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കന്നുകാലി പിടുത്തക്കാരുടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പ്രവർത്തനം.
പഴയ ബസ് സ്റ്റാൻഡ് പരിസരം, കാൾടെക്സ്, റെയിൽവെ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ യാത്രക്കാർക്കും നാട്ടുകാർക്കും തലവേദനയായി തെരുവുനായകൾക്ക് പുറമെ കന്നുകാലി ശല്യവും തുടരുകയാണ്. രാവും പകലുമെന്ന വ്യത്യാസമില്ലാതെയാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ കന്നുകാലികൾ തമ്പടിക്കുന്നത്. കന്നുകാലികൾ റോഡിൽ ഇറങ്ങുന്നത് വാഹനയാത്രക്കാർക്കും ഭീഷണിയാണ്. ഗതാഗത തടസ്സവും പതിവാണ്. കന്നുകാലികൾ നടപ്പാതകൾ കൈയടക്കുന്നത് കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു.

നീർച്ചാൽ, സിറ്റി, മൈതാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് പശുകുട്ടികളെയടക്കം 10 കന്നുകാലികളെ സ്ക്വാഡ് പിടികൂടി കോർപറേഷന്റെ പാറക്കണ്ടിയിലെ പോണ്ടിൽ കെട്ടിയിട്ടു. ഉടമകളെ കണ്ടെത്തി പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.

ക്ലീൻസിറ്റി മാനേജർ ഷൈൻ പി. ജോസിന്റെ നിർദ്ദേശത്തെ തുടർന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിജയകുമാർ, ജിതേഷ് ഖാൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സഫീറലി തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. ഉടമസ്ഥർക്ക് 25,000 രൂപ മുതൽ പിഴ ഈടാക്കി നടപടികൾ സ്വീകരിക്കുമെന്നും മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു.

കഴിഞ്ഞ ദിവസം തെക്കീബസാറിൽ നിന്നും പിടികൂടിയ പശുക്കുട്ടിയുടെ ഉടമസ്ഥൻ ഏഴ് ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ലേലനടപടിയിലക്ക് കടന്നു.


വ്യാപാരികൾക്കും ദുരിതം

നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ മുൻ വശത്ത് കന്നുകാലികൾ വിസർജിക്കുന്നത് പതിവാണ്. കാൾടെക്സ്, പഴയ ബസ് സ്റ്റാൻഡ്, ബാങ്ക് റോഡ് പരിസരങ്ങളിലുള്ള വ്യാപാരികളാണ് കന്നുകാലികൾ മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്.


വളർത്തു മൃഗങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവില

രാവിലെ പാൽകറന്ന ശേഷം പശുക്കളെ നഗരത്തിന്റെ പൊതുഇടങ്ങളിലേക്ക് ഉടമകൾ തുറന്നുവിടുകയാണ്. അലക്ഷ്യമായി തുറന്നുവിടുന്നത് ഇവയുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. ചില നാൽക്കാലികൾ പ്ലാസ്റ്റിക് കവറുകൾ തിന്നുന്നതും പതിവാണ്.

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ കന്നുകാലികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പകർച്ച വ്യാധികളെ പ്രതിരോധിക്കാനും കർഷകർ ജാഗ്രത പുലർത്തണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശത്തിന് പുല്ല് വിലയാണ് നൽകുന്നത്.


കേരള കൗമുദി നേരത്തെ വിഷയം ചൂണ്ടിക്കാട്ടി

നഗരത്തിലെ കന്നുകാലി ശല്യവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാർച്ച് 9ന് സമഗ്രമായ റിപ്പോർട്ടാണ് കേരള കൗമുദി പ്രസിദ്ധീകരിച്ചത്. കന്നുകാലി ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവാത്തതും ചൂണ്ടിക്കാട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL