SignIn
Kerala Kaumudi Online
Thursday, 16 July 2026 4.35 AM IST

സപ്ലൈകോയിൽ അനധികൃത നിയമനവും പിരിച്ചുവിടലും

supplyco
സപ്ലൈകോ

കണ്ണൂർ: ജില്ലയിലെ സപ്ലൈകോ ഔട്ട്ലറ്റുകളിൽ അനധികൃതമായി ദിവസ വേതന പാക്കിംഗ് തൊഴിലാളികളെ നിയമിക്കുകയും നിലവിലുള്ളവരെ പിരിച്ചുവിടുകയും ചെയ്യുന്നു. മൂന്ന് ജീവനക്കാർ മാത്രം വേണ്ട ഔട്ട്ലെറ്റുകളിൽ നാലും അഞ്ചും ജീവനക്കാരെ അധികമായി നിയമിക്കുന്നുവെന്നാണ് ആക്ഷേപം.

ജില്ലയിൽ 150 സപ്ലൈകോ ഔട്ട്ലറ്റുകളാണുള്ളത്. ഇതിൽ ഇരിക്കൂർ, മലപ്പട്ടം, ചെമ്പന്തൊട്ടി, തളിപ്പറമ്പ, വളക്കൈ, തേർത്തല്ലി, ആലക്കോട്, പെരുവളത്തുപറമ്പ്, നടുവിൽ, ബാവുപ്പറമ്പ, ചന്ദനക്കാംപാറ, ചുഴലി തുടങ്ങിയ ഔട്ട്‌ലറ്റുകളിലാണ് അധിക തൊഴിലാളികളെ നിയമിക്കുന്നത്.

സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ജോലി ചെയ്തു വരുന്ന ദിവസ വേതന-പാക്കിംഗ് തൊഴിലാളികളുടെ നിലവിലുള്ള നിശ്ചിത എണ്ണത്തിന് വിരുദ്ധമായാണ് തൊഴിലാളികളെ നിയമിക്കുന്നത്. പലയിടത്തും പ്രാദേശിക മാനേജ‌ർമാരെ ഭീഷണിപ്പെടുത്തിയാണ് തൊഴിലാളികളെ നിയമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എം.എൽ.എ ഓഫീസ്, മന്ത്രി ഓഫീസ് എന്നിവിടങ്ങളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചാണ് ഭീഷണി.‌ ട്രാൻസ്ഫറും മറ്റ് നടപടികളും ഭയന്ന് മാനേജർമാർ കൂടുതൽ പേരെ നിയമിക്കാൻ നിർബന്ധിതരാവുകയാണ്.

അനധികൃതമായി തൊഴിലാളികളെ നിയമിക്കുന്നതിലൂടെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രൊവിഡണ്ട് ഫണ്ട്, ഇ.എസ്.ഐ, ബോണസ്സ് എന്നീ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്.

600 പാക്കിംഗ് തൊഴിലാളികൾ

ജില്ലയിൽ നിലവിൽ 600 ഓളം ദിവസ വേതന പാക്കിംഗ് തൊഴിലാളികളാണുള്ളത്. ഇവിരിൽ ഭൂരിഭാഗവും പത്തും 25 വർഷമായി ഈ ജോലിയിൽ തുടരുന്നവരാണ്. ഇവരെ യാതൊരു കാരണവുമില്ലാതെ പിരിച്ചു വിടുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്. ഇത്തരത്തിൽ ജില്ലയിൽ ഇരിക്കൂറിൽ പത്ത് വർഷമായി തൊഴിൽ ചെയ്യുന്ന ദിവസ വേതന തൊഴിലാളികളെ പിരിച്ചുവിടുകയും പിന്നീട് യൂണിയൻ ഉൾപ്പെടെ ഇടപെട്ട് അവരെ തിരിച്ചെടുക്കുകയുമുണ്ടായി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഈ ഔട്ട്ലെറ്റിൽ വേക്കൻസി ഇല്ലാതെ തൊഴിലാളികളെ നിയമിക്കുകയുണ്ടായി.

മാനദണ്ഡങ്ങൾ മറികടന്നുള്ള നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം, സപ്ലൈക്കോവിൽ നിലവിലുള്ള തൊഴിലാളികൾക്ക് അവരുടെ ജോലി തുടർന്നും ചെയ്യുവാനുള്ള അവസരമുണ്ടാക്കണം, തൊഴിലാളി വിരുദ്ധ നയത്തിനെതിരെ മുഖ്യമന്ത്രി , ഭക്ഷ്യ മന്ത്രി , തൊഴിൽ മന്ത്രി , ജില്ലാ ലേബർ ഓഫീസർ, സപ്ലൈക്കോ മാനേജ്മെന്റ് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

പി . ലക്ഷ്മണൻ , ജില്ലാ സെക്രട്ടറി , സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL