കണ്ണൂർ: കേരളത്തിന്റെ കണ്ടൽ സമ്പത്തിന്റെ 45 ശതമാനത്തിലധികവും കാത്തുസൂക്ഷിക്കുന്ന കണ്ണൂർ ജില്ലയിൽ പച്ചത്തുരുത്തുകൾ അതിവേഗം ഇല്ലാതാകുന്നു. ഒരു കാലത്ത് സംസ്ഥാനത്ത് ഏകദേശം 70,000 ഹെക്ടറിൽ പരന്നുകിടന്നിരുന്ന കണ്ടൽക്കാടുകൾ ഇന്ന് 1,750 ഹെക്ടറിൽ താഴെയായി. കണ്ണൂരിൽ മാത്രം 7.55 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 6.39 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയതായി സമീപകാല പഠനങ്ങൾ തെളിയിക്കുന്നു.
തെറ്റായ വികസന നയങ്ങളുടെയും സ്വാർത്ഥ താൽപര്യങ്ങളുടെയും പേരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിൽ ശ്രദ്ധ ക്ഷണിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല പ്രസിഡന്റ് പി. ധർമ്മൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ഇടപെട്ടിട്ടുണ്ട്. കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും ഒന്നൊന്നായി ഇല്ലാതാകുമ്പോൾ, അവയെ സംരക്ഷിക്കാനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ജില്ലാ കളക്ടർക്കും വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. കണ്ടൽക്കാടുകളുടെ നാശം മൂലം വേലിയേറ്റം, ഉപ്പുവെള്ളം കയറൽ, തീരശോഷണം എന്നിവ വർദ്ധിച്ച് തീരദേശവാസികളുടെ ജീവനും തൊഴിലിനും ഗുരുതരമായ ഭീഷണി ഉയരുന്നതായി പി. ധർമ്മൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
87 ഇനം മത്സ്യങ്ങൾ, 80 ലധികം പക്ഷികൾ
കണ്ണൂരിലെ കണ്ടൽക്കാടുകളിൽ മാത്രം ഏകദേശം 15 ഇനം യഥാർത്ഥ കണ്ടലുകൾ, 80ലധികം പക്ഷിവർഗങ്ങൾ, 87 ഇനം മത്സ്യങ്ങൾ എന്നിവ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ നിരവധി പക്ഷിവർഗങ്ങൾക്ക് ഇവ നിർണായകമായ ആവാസവ്യവസ്ഥയാണ്. വാണിജ്യപരമായി പിടിക്കപ്പെടുന്ന മത്സ്യങ്ങളും ചെമ്മീനും ഉൾപ്പെടെ നിരവധി ജീവിവർഗങ്ങൾക്ക് സുരക്ഷിതമായ പ്രജനന, മുട്ടയിടൽ, തീറ്റ സ്ഥലങ്ങൾ കണ്ടൽക്കാടുകൾ നൽകുന്നു. മത്സ്യങ്ങൾ, ചെമ്മീൻ, ഞണ്ട് എന്നിവയുടെ ഏകദേശം 75 ശതമാനവും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടൽക്കാടുകളെ ആശ്രയിക്കുന്നുണ്ട്.
90% കണ്ടൽക്കാടും സ്വകാര്യ ഉടമസ്ഥതയിൽ
കണ്ണൂരിലെ ഏകദേശം 90 ശതമാനം കണ്ടൽക്കാടുകളും സ്വകാര്യ ഉടമസ്ഥതയിലാണെന്നതാണ് പ്രശ്നത്തിന്റെ കാതൽ. നിയമവിരുദ്ധമായ രീതികൾ ഉപയോഗിച്ച് ഇവ കൃഷിക്കോ കെട്ടിടനിർമാണത്തിനോ ആയി നികത്തപ്പെടുകയാണ്. കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി, വളപട്ടണം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ തീരദേശ നിയമങ്ങൾ ലംഘിച്ചുകൊണ്ട് നിർമാണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കണ്ടൽ
സംരക്ഷിക്കാൻ
1. നശിപ്പിക്കപ്പെട്ട കണ്ടൽ പ്രദേശങ്ങൾ പൂർവസ്ഥിതിയിലാക്കാൻ വനം വകുപ്പിനും ജില്ലാ കളക്ടർക്കും നിർദേശം നൽകുക.
2. സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾ സർക്കാരിന്റെ സംരക്ഷണ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നിയമനിർമാണം വേഗത്തിലാക്കുക.
3. കണ്ടൽ നശീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുക.
കണ്ടൽക്കാടുകൾ കേവലം മരങ്ങളല്ല; കടൽക്ഷോഭങ്ങളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും തീരദേശത്തെ സംരക്ഷിക്കുന്ന സ്വാഭാവിക മതിലുകളാണ്. ഇവയുടെ നാശം വരുംതലമുറയുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്പി. ധർമ്മൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |