
കണ്ണൂർ: ഓണപരീക്ഷകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാഠഭാഗങ്ങൾ എങ്ങനെ തീർക്കാൻ കഴിയുമെന്ന ആധിയിൽ അദ്ധ്യാപകർ. പുതിയ പരീക്ഷ കലണ്ടർ പ്രകാരം പാഠഭാഗങ്ങൾ തീരാതെ പരീക്ഷയെഴുതേണ്ട അവസ്ഥയാണ് വിദ്യാർത്ഥികൾക്ക് .അദ്ധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും കനത്ത മഴകാരണം റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെയും അദ്ധ്യയന ദിവസങ്ങൾ കുറഞ്ഞു.പല സ്‌കൂളുകളിലും ഒന്നും രണ്ടും പാഠ ഭാഗത്തിൽ മാത്രമാണ് ഇപ്പോഴും എത്തിനിൽക്കുന്നത്.
ഈ മാസം മാത്രം മഴകാരണം റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ അഞ്ച് ദിവസങ്ങളാണ് വിദ്യാർത്ഥികൾക്ക് അവധി നൽകേണ്ടി വന്നത്. എൽ.പി, ഹയർ സെക്കൻഡറി വിഭാഗത്തിന് ജൂണിൽ 21 പ്രവൃത്തി ദിനവും ജൂലായിൽ 23 അദ്ധ്യയന ദിനങ്ങളുമാണുള്ളത്. എന്നാൽ മിക്ക ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭിച്ചിട്ടില്ല. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ ആഗസ്ത് 13നും ഹയർസെക്കൻഡറിയിൽ 14നുമാണ് ഓണപ്പരീക്ഷ തുടങ്ങുന്നത്. ആഗസ്റ്റ് 20ന് പരീക്ഷ അവസാനിക്കും. 21ന് സ്‌കൂൾ അടയ്ക്കും. ഇതുപ്രകാരം ഇനി മൂന്ന് പ്രവൃത്തിദിനങ്ങൾ മാത്രമാണ് . ഇതിനുള്ളിൽ പാഠഭാഗങ്ങൾ തീർക്കുക എന്നത് അദ്ധ്യാപകരെ സംബന്ധിച്ച് ഏറെ പ്രയാസമാണ് . വിദ്യാർത്ഥികളും ബുദ്ധിമുട്ട് നേരിടേണ്ടി വരും.പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സ്പെഷ്യൽ ക്ലാസുകളുമായി നെട്ടോട്ടമോടേണ്ടി സ്ഥിതിയിലാണ് അദ്ധ്യാപകർ .
പകുതിയോളം അദ്ധ്യാപകരും സെൻസസിൽ
ജൂലായ് ഒന്നുമുതൽ 31വരെയാണ് സെൻസസ് നടന്നത്. ജില്ലയിലെ ഭൂരിഭാഗം സ്‌കൂളിലെയും പകുതിയോളം അദ്ധ്യാപകർക്ക് സെൻസസ് ചുമതല നൽകിയിരുന്നു. ഇതോടെ ഒരു മാസത്തെ ക്ലാസ് വിദ്യാർത്ഥികൾക്ക് നഷ്ടമായി. ജൂൺ അവസാനവാരം സെൻസസ് സംബന്ധമായ ക്ലാസുകൾക്കും മറ്റും അദ്ധ്യാപകർക്ക് പങ്കെടുക്കേണ്ടിവന്നു. അങ്ങനെയും കുറെ അദ്ധ്യയന ദിവസങ്ങൾ നഷ്ടമായി. സെൻസസ് ഡ്യൂട്ടിക്ക് പോകുന്ന അദ്ധ്യാപകർക്ക് പകരം അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യം അദ്ധ്യാപക സംഘടനകൾ ഉന്നയിച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.ചില സ്കൂളുകൾ ഒാൺലൈൻ ക്ലാസുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും എല്ലാ സ്കൂളുകളിലും ഇത് പ്രാവർത്തികമായില്ല.
ലഭിച്ച അദ്ധ്യയനദിനങ്ങൾ
ജൂൺ 21
ജൂലായ് 23
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |