SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

മൈതാനത്തിലെ നഷ്ടം നൃത്തത്തിൽ തിരിച്ചുപിടിച്ച് സുഷീൽ

indian-team

ബാങ്കോക്കിൽ നടന്ന ജി.എൽ.എക്സിൽ കിരീടം നേടി കണ്ണൂർ ചാലാട് സ്വദേശിയുടെ ശിഷ്യന്മാർ

കണ്ണൂർ: 18 രാജ്യങ്ങളിൽ നിന്നുള്ള മികച്ച നർത്തകർ മാറ്റുരച്ച ബാങ്കോക്കിലെ ഗ്ലോബൽ ലീഗ് എക്സ് (ജി.എൽ.എക്സ്) അന്താരാഷ്ട്ര മത്സരത്തിൽ അണ്ടർ12, അണ്ടർ17 വിഭാഗങ്ങളിൽ ഫ്രീ സ്‌റ്റൈൽ ഹിപ് ഹോപ്പിൽ കിരീടനേട്ടത്തോടെ ത്രിവർണ പതാക ഉയർന്നപ്പോൾ കണ്ണൂർക്കാരനായ സുഷീൽ ജേ അഭിമാനത്താൽ നിറയുകയായിരുന്നു. ചാലാട് മണൽ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരിശീലനത്തിലാണ് ബാംഗ്ലൂരിലെ വെസ്റ്റേൺ ഡാൻസ് പരിശീലനകേന്ദ്രമായ വൺ മൂവ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
തുടക്കം തൊട്ട് നർത്തകനായിരുന്നില്ല സുഷീൽ. കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ച കാലം തൊട്ട് ഫുട്‌ബോളായിരുന്നു പാഷൻ. യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ എസ്.എൻ കോളേജ് ടീമിലെ മികച്ച താരമായിരുന്നു.പിന്നീട് കണ്ണൂർ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ സ്ഥാനവും അണ്ടർ16 വിഭാഗത്തിൽ കേരള ജഴ്സിയും വരെ സുഷിലിനെ തേടിയെത്തി. എന്നാൽ മുട്ടിനേറ്റ പരിക്ക് വില്ലനായതോടെ ഫുട്ബാൾ ജീവിതം തീർന്നു. പിന്നാലെ ജോലി തേടി ബംഗളൂരുവിലേക്ക് വണ്ടി കയറിയ സുഷിൽ സേഫ്റ്റി എൻജിനീയറായി കുറച്ചുകാലം ചിലവിട്ടു. 2007ലാണ് നൃത്തലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ജോലി ഉപേക്ഷിച്ച് പൂർണമായും നൃത്തത്തിലേക്കും സിനിമയിലേക്കും തിരിഞ്ഞതാണ് വഴിത്തിരിവായത്. പ്രഭുദേവക്കൊപ്പം സിനിമയിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം സിനിമാ നിർമാണത്തിലും സംവിധാനത്തിലും പരസ്യചിത്രീകരണത്തിലും സജീവമായി.

ചാലാട് മണൽ സ്വദേശികളായ ജയപാലൻ-ഷൈമ ദമ്പതികളുടെ മകനാണ് സുഷിൽ ജേ. ഭാര്യ സുമി. പതിനൊന്നുകാരനായ മകൻ റയാൻഷ് 2020ൽ കേരള ടൂറിസത്തിന്റെ പരസ്യത്തിലൂടെ കലാലോകത്തേക്ക് ചുവടുവച്ചുകഴിഞ്ഞു ദുബായിയിൽ പുതിയൊരു വീഡിയോ പ്രൊഡക്ഷൻ കമ്പനിയും സുഷിൽ തുടങ്ങിയിട്ടുണ്ട്.മൈതാനത്ത് നഷ്ടപ്പെട്ട ഒരു സ്വപ്നത്തെ നൃത്തച്ചുവടുകളിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ പ്രതിഭ.


വൺ മൂവ് അക്കാഡമി; ലോക കിരീടം

ബംഗളൂരുവിൽ 2012ലാണ് സുഷീൽ വൺ മൂവ് അക്കാഡമി സ്ഥാപിച്ചത്. നാലു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകിത്തുടങ്ങിയ സ്ഥാപനം ഇന്ന് ലോകോത്തര നൃത്തപരിശീലനകേന്ദ്രമാണ്. തലശേരി സ്വദേശി അമാനുമായി ചേർന്ന് ഇവന്റ് കമ്പനി സ്ഥാപിച്ച് വിദേശ വേദികളിലും സുഷിൽ സാന്നിദ്ധ്യം അടയാളപ്പെടുത്തി.2024ൽ പോർച്ചുഗലിൽ നടന്ന യൂറോപ്പ് ആൾ ഡാൻസ് മത്സരത്തിലും സുഷിലിന്റെ ടീം ഒന്നാം സ്ഥാനം നേടി. നിലവിൽ വിയറ്റ്നാം യുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു ഹോളിവുഡ് ചിത്രത്തിന്റെ സഹസംവിധായകനാണ് ഈ കണ്ണൂർക്കാരൻ.

തട്ടുപൊളിപ്പനാണ് ജി.എൽ.എക്സ്.

നൃത്തം, കായികം, സംഗീതം എന്നിവ സമയോചിതമായി സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂവ്‌മെന്റെയ്ൻമെന്റ് ആണ് ജി.എൽ.എക്സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL