SignIn
Kerala Kaumudi Online
Sunday, 11 October 2026 2.14 AM IST

അപരിചിതയുടെ ജീവിതത്തിൽ മാലാഖയായി ആൻസി

ancy

കൊല്ലം: കുഴഞ്ഞുവീണ് ശ്വാസം നിലച്ച പെൺകുട്ടിക്ക് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് മാലാഖയായി കൊല്ലം പള്ളിമുക്ക് സ്വദേശിനി ആൻസി ഫഹദ്. ചുറ്റും കൂടിയവരെല്ലാം പകച്ചുനിന്നപ്പോഴാണ് ആൻസി, പഠിച്ച സി.പി.ആർ പാഠങ്ങൾ ഭംഗിയായി ഉപയോഗിച്ച് അപരിചിതയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

കഴിഞ്ഞ 8ന് കൊല്ലം കളക്ടറേറ്റിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. രാവിലെ 7ന് ലേണേഴ്സ് ടെസ്റ്റിന് എത്തിയതായിരുന്നു ആൻസി. ഒൻപതായപ്പോൾ മണിക്കൂറുകളോളം കാത്തുനിൽക്കുകയായിരുന്ന ഒരു പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീണു. മറ്റുള്ളവർ മുഖത്ത് പലതവണ വെള്ളം ഒഴിച്ച് തട്ടിവിളിച്ചിട്ടും പെൺകുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന അമ്മ പെൺകുട്ടിയെ മടിയിൽ കിടത്തി കരഞ്ഞുതുടങ്ങി. അതുകേട്ട് ഓടിയെത്തിയ ആൻസി 20 തവണ പെൺകുട്ടിയുടെ നെഞ്ചിൽ അമർത്തി സി.പി.ആർ നൽകി. ഇതോടെ പെൺകുട്ടി ചുമച്ചു. മൂക്കിലൂടെ മൂന്ന് തവണ ശ്വാസം നൽകിയതോടെ പെൺകുട്ടി പെട്ടെന്ന് ശ്വാസോച്ഛാസം വീണ്ടെടുത്ത് എഴുന്നേൽക്കുകയായിരുന്നു.

ജിയോ മൊബൈൽ കമ്പനിയിൽ അനലിസ്റ്റാണ് ആൻസി. സ്കൂൾ, കോളേജ് പഠനകാലത്ത് സ്കൗട്ട് ആൻഡ് ഗൈഡ്സിലും എൻ.സി.സിയിലും സജീവമായിരുന്ന ആൻസി അക്കാലത്ത് സി.പി.ആർ പഠിച്ചിരുന്നു. ജോലിയുടെ ഭാഗമായും സി.പി.ആർ. പരിശീലിക്കുന്നുണ്ട്. കൊല്ലം പള്ളിമുക്ക് ദാറുൽ തസ്ബീഹിൽ റാഫി, നബീസത്ത് ദമ്പതികളുടെ മകളും കേരള വിഷനിൽ ടെക്നീഷ്യനായ ഫഹദിന്റെ ഭാര്യയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL