SignIn
Kerala Kaumudi Online
Monday, 21 September 2026 12.20 PM IST

പയ്യന്നൂരിൽ എൻ.ഡി.എഫ്.വിരുദ്ധരുടേത് താൽക്കാലിക വിജയം മാത്രമെന്ന് പിണറായി

madhu

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിൽ സംഭവിച്ചത് എൽ.ഡി.എഫ് വിരുദ്ധരുടെ താൽക്കാലിക വിജയം മാത്രമാണെന്നും സ്ഥാനാർത്ഥിയുടെ പരാജയമല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിൽ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മണ്ഡലത്തിലെ പരാജയ കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയല്ലെന്ന് പ്രതിപക്ഷനേതാവ് സൂചിപ്പിച്ചത്.
ഇത്തവണ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 18 ശതമാനം വോട്ടർമാർ എൽ.ഡി.എഫിനൊപ്പം നിന്നില്ല എന്നത് യാഥാർത്ഥ്യമാണ്. പാർട്ടിയോടൊപ്പമുണ്ടായിരുന്ന ചിലരും ശത്രുക്കളും ഒരുമിച്ചു വന്നതിന്റെ ഭാഗമായി വലിയ പ്രചാരവേല നടന്നു. ഇതിലൂടെ സി.പി.എമ്മിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം അവർ നേടി. ഒപ്പം നിന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ട് ഈ കെണിയിൽപ്പെട്ടു പോയി. എന്നാൽ അവർ ആത്യന്തികമായി പാർട്ടിക്കെതിരല്ല. താൽക്കാലികമായി പെട്ടു പോയതാണ്.അവരൊക്കെ പാർട്ടിയെ എല്ലാ കാലത്തും സംരക്ഷിച്ചവരാണ്. വഴിതെറ്റി പോയെങ്കിലും സംഭവിച്ച തെറ്റ് തിരുത്തി പാർട്ടിയെ സംരക്ഷിക്കാൻ തയ്യാറാവണമെന്നും പിണറായി പറഞ്ഞു.
പ്രത്യേക മാനസികാവസ്ഥയുള്ള ഒരാൾക്ക് പാർട്ടിക്കകത്ത് നിന്ന് തെറ്റായ കാര്യങ്ങൾ പറഞ്ഞ് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. വി. കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കൈയ്യിലെ കോടാലിയാണെന്നും ഇത്തരം കോടാലികൾ അധിക കാലം വാഴാറില്ലെന്നും പിണറായി പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം ടി.ഐ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. രാകേഷ് , ടി.വി രാജേഷ്, സരിൻ ശശി , സി.കൃഷ്ണൻ, വി.നാരായണൻ, സി.സത്യപാലൻ, പി.ശശിധരൻ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. സന്തോഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL