മട്ടന്നൂർ: വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനൊപ്പം ഹരിത ഊർജത്തിലേക്ക് ചുവടുവച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. നാല് മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. സോളാർ വൈദ്യുതി ഉപയോഗിച്ചുതുടങ്ങിയതോടെ വൈദ്യുതി ചെലവിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ).
വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും പരിസരത്തുമാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന മൂന്ന് മേഖലകൾ കണ്ടെത്തിയാണ് പാനലുകൾ സ്ഥാപിച്ചത്. കിയാലും ഓറിയാന പവർ കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
വിമാനത്താവളത്തിന്റെ പ്രവർത്തന ചെലവിൽ പ്രതിവർഷം വൈദ്യുതി ഇനത്തിൽ കിയാലിന് വൻതുക ചെലവാകുന്ന സാഹചര്യത്തിലാണ് പരിഹാരമായി സോളാർ വൈദ്യുതി പദ്ധതി നടപ്പാക്കിയത്. സോളാർ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ നിലവിലെ വൈദ്യുതി ചെലവിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ കഴിയുമെന്നാണ് കിയാലിന്റെ കണക്കുകൂട്ടൽ.
വിമാനത്താവളത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ വലിയൊരു ഭാഗം സൗരോർജത്തിലൂടെ നിറവേറ്റാൻ കഴിയുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ വിമാനത്താവളമെന്ന നിലയിലും കണ്ണൂർ വിമാനത്താവളത്തിന് നേട്ടമാകും. വൈദ്യുതി നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഭാവിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനച്ചെലവിൽ സോളാർ പദ്ധതിയുടെ പ്രയോജനം കൂടുതൽ വ്യക്തമാകുമെന്നാണ് കിയാലിന്റെ വിലയിരുത്തൽ. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ചെലവ് നിയന്ത്രിക്കുന്നതിനൊപ്പം പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും. നാലു മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിലൂടെ പ്രതിദിന വൈദ്യുതി ആവശ്യത്തിന്റെ ഗണ്യമായൊരു ഭാഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കിയാൽ.
ഉപയോഗം തുടങ്ങി, ഉദ്ഘാടനം പിന്നീട്
സോളാർ പ്ലാന്റിന്റെ നിർമാണപ്രവർത്തനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ജൂലായിലാണ് പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചത്. നിർമാണം പൂർത്തിയായതിനു പിന്നാലെ സോളാർ വൈദ്യുതി വിമാനത്താവളത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുതുടങ്ങി. പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങളും വൈദ്യുതി ഉത്പാദനവും ആരംഭിച്ചുകഴിഞ്ഞു. വൈദ്യുതി ഉത്പാദനം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്താനാണ് കിയാലിന്റെ തീരുമാനം. കിയാൽ എം.ഡി. സി. ദിനേശ് കുമാറും ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണനും ചേർന്നാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |