SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

സൂപ്പർ ലീഗിന് ആവേശത്തുടക്കം 

football
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള സീസൺ 3യിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തൃശ്ശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ. ഫോട്ടോ: ആഷ്‌ലി ജോസ്

കണ്ണൂർ: മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിച്ചത് നിറഞ്ഞുകവിഞ്ഞ ഗ്യാലറികൾ. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഫുട്‌ബാൾ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു.
കണ്ണൂർ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് അലയടിയായി ആവേശം തീർത്തു. ടീമിന്റെ കൊടികളും ജേഴ്സികളുമണിഞ്ഞ് വൈകീട്ട് 5.30നു തന്നെ ആരാധകർ മറൈനേഴ്സ് ഫോർട്ടിൽ നിറയാൻ തുടങ്ങി. കളി ആരംഭിക്കുമ്പോഴേക്കും ഗ്യാലറികൾ പൂർണമായി നിറഞ്ഞു. ടീം ലൈനപ്പ് ചെയ്യുന്ന വേളയിൽ റെഡ് മറൈനേഴ്സ് കണ്ണൂരിന്റെ പൈതൃകത്തെ ഓർമിപ്പിക്കുന്ന കൂറ്റൻ ബാനർ ഉയർത്തി 'ഇവിടം വിട്ടു പോകാൻ അനുവാദമില്ല' എന്ന വരികളിലൂടെ സൂപ്പർ ലീഗ് കിരീടം കണ്ണൂരിൽത്തന്നെ നിലനിർത്തുമെന്ന ദൃഢപ്രതിജ്ഞയായിരുന്നു ആരാധകർ പ്രകടിപ്പിച്ചത്. കളി തുടങ്ങിയതോടെ ബാൻഡ് മേളങ്ങളും ആഘോഷവും കൊഴുത്തു. തൃശൂരിൽ നിന്നെത്തിയ മാജിക് എഫ്.സി ആരാധകരും സ്റ്റേഡിയത്തിൽ നിറസാന്നിധ്യമായി.
ആദ്യ പകുതിയിൽ, കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി പ്രതിരോധ താരം റിജോൺ ജോസിന് ആദരാഞ്ജലിയർപ്പിച്ച് 44ാം മിനിറ്റിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ ഓർമിപ്പിച്ചുകൊണ്ട് കണ്ണൂർ വാരിയേഴ്സ് ആരാധകർ 'എക്കാലവും ഞങ്ങളുടെ ഹൃദയത്തിൽ' എന്നെഴുതിയ ബാനറുയർത്തി വികാരനിർഭരമായ മുഹൂർത്തം സൃഷ്ടിച്ചു.
ഉദ്ഘാടന ചടങ്ങിൽ ടി.ഒ മോഹനൻ എം.എൽ.എ, കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് പി. ഇന്ദിര, കളക്ടർ പി. വിഷ്ണുരാജ്, കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സി.ഇ.ഒ മാത്യു ജോസഫ്, കണ്ണൂർ വാരിയേഴ്സ് എഫ്.സി ചെയർമാൻ ഡോ. എം.പി ഹസ്സൻ കുഞ്ഞി, തൃശൂർ മാജിക് എഫ്.സി ഉടമ ജസ്റ്റിൻ സ്റ്റീഫൻ, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൾ നിസാർ എന്നിവർ പങ്കെടുത്തു.

നിറപ്പകിട്ടോടെ സംഗീത പരിപാടികൾ
ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി വൈവിധ്യമാർന്ന കലാപരിപാടികളും റാപ് ഷോയും അരങ്ങേറി. എം.എക്സ്.ആർ.ഡെറർ, എം.സി കൂപ്പർ, ഡാസിൽ എന്നിവരുടെ ലൈവ് ഡിജെ പരിപാടികളും ഇടവേളയിൽ ഡബ്സിയുടെ റാപ് ഷോയും കാണികൾക്ക് ആവേശം പകർന്നു. കഥകളിയും കളരിപ്പയറ്റും പരിപാടിക്ക് പരമ്പരാഗത കേരളീയ മാനം നൽകി. കണ്ണൂർ തോട്ടടയിലെ ആശ്രയം സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥികൾ കളിക്കാർക്കൊപ്പം ഗ്രൗണ്ടിലേക്ക് എസ്‌കോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്സ് ടീമംഗങ്ങളുമായി സംസാരിക്കാനും ഫോട്ടോയെടുക്കാനും ഈ കുട്ടികൾക്ക് അവസരം ലഭിച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മത്സരം ആസ്വദിച്ച ശേഷമാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL