കണ്ണൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോർപറേഷൻ നടത്തുന്ന കണ്ണൂർ ദസറയിൽ സിനിമ സീരിയൽ നടി കണ്ണൂർ ശ്രീലതയ്ക്കും സംഘത്തിനും പ്രകാശധാര ഭക്തിരസാമൃതം പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതായി ആരോപണം. ദസറയിൽ പരിപാടി അവതരിപ്പിക്കാനുള്ള അപേക്ഷ ഓഗസ്റ്റ് മാസത്തിൽ മേയർക്ക് നൽകിയതാണ്. എന്നാൽ അപേക്ഷ വിളിക്കുമ്പോൾ നൽകിയാൽ മതിയെന്ന് മേയർ പറഞ്ഞു. സെപ്തംബറിൽ ഔദ്യോഗികമായി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നപ്പോൾ അപ്രകാരം അപേക്ഷയും നൽകി. പക്കമേളക്കാരടക്കം പത്തു പേരടങ്ങുന്ന ടീമിന് 15000 രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാൽ വേണമെങ്കിൽ സൗജന്യമായി അവതരിപ്പിച്ചോളൂ പത്ത് മിനിട്ട് അനുവദിക്കാമെന്നാണ് സംഘാടകർ അറിയിച്ചത്.
സ്റ്റേജിൽ പക്കമേളമടക്കം സെറ്റ് ചെയ്യാൻ തന്നെ പത്തു മിനിട്ട് വേണം. അതിനാൽ അരമണിക്കൂർ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോർപറേഷൻ അത് നിഷേധിച്ചു. ലക്ഷങ്ങൾ കൊടുത്ത് സെലിബ്രിറ്റികളെ കൊണ്ടുവന്ന് കണ്ണൂർ ദസറ നടത്തുമ്പോൾ കണ്ണൂരുകാരായ കലാകാരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി കോർപറേഷനിലെ ഒരു കോക്കസ് ദസറ പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്ന് കണ്ണൂർ ശ്രീലത ആരോപിച്ചു. സെലിബ്രിറ്റികളെ കൊണ്ടുവന്ന് കമ്മിഷൻ അടിച്ചു മാറ്റി കീശവീർപ്പിക്കാനാണ് ഈ കോക്കസിന്റെ ഉദ്ദേശ്യമെന്നും ശ്രീലത ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ശ്രീലത ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംഗീത സംവിധായകൻ ഷമീർ ബാബു, തബലിസ്റ്റ് രാഗേഷ് ഹരിശ്രീ, ഗിരീഷ് പണിക്കർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |